കണ്ണൂർ: ഹലാല്‍ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ചേരി തിരിവുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹലാല്‍ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ച് ആക്ഷേപിക്കാന്‍ ശ്രമിക്കുന്നുവെന്നും അത്തരം ശ്രമങ്ങള്‍ കേരളത്തിലും നടക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ സിപിഎം പിണറായി ഏരിയാസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമം നടക്കുന്നു. ഭരണഘടന മൂല്യങ്ങളെ തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേതെന്നും മുഖ്യമന്ത്രി ആരോപിച്ചു. വർഗീയത ഇല്ലാതാക്കാൻ വ്യക്തമായ നിലപാട് വേണം. ഇതിന് ഇടതുപക്ഷത്തിന് കഴിയുമെന്നും ഇടതുപക്ഷം മറ്റ് ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. വർഗീയത താലോലിച്ച് അധികാരത്തിലെത്തുകയാണ് ലക്ഷ്യം. കോർപറേറ്റുകളുടെ താൽപര്യം അനുസരിച്ച് ഭരണം നടത്തുന്നു. ഇന്ത്യയുടെ സംസ്കാരത്തെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്പ്പെടുത്തുകയാണ്. ഗോവധ നിരോദനത്തിൻ്റെ പേര് പറഞ്ഞ് രാജ്യത്ത് പ്രശ്നം സൃഷ്ടിക്കുകയാണ്. ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേത്തു.