ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഡെൽറ്റയേക്കാൾ കൂടുതൽ അപകടകാരിയെന്നാണ് നിഗമനം. വായുവിലൂടെ പടരാം, വാക്സിനെ ചെറുക്കാൻ കൂടുതൽ ശേഷി, കടുത്ത രോഗലക്ഷണങ്ങൾ. ബി.1.1.529 ആദ്യം കണ്ട ദക്ഷിണാഫ്രിക്കയിൽ പുതിയ ജനിതക വകഭേദം പിടികൂടിയവരുടെ എണ്ണം നൂറോളം വരും.
പൂർണ വാക്സിൻ എടുത്തവർക്കും പിടിപെട്ടു. ബോട്സ്വാനയിൽ നാല്. ഫൈസർ വാക്സിൻ എടുത്ത രണ്ടുപേർക്കാണ് ഹോങ്കോങ്ങിൽ വൈറസ് ബാധ. വാക്സിനേഷനിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇസ്രായേലിൽ ഒരാളെ കണ്ടെത്തി. മലാവിയിൽനിന്ന് മടങ്ങിയെത്തിയ ഇയാൾക്കൊപ്പം മറ്റു രണ്ടുപേരെക്കൂടി ക്വാറൻറീനിലാക്കി.
പുതിയ വൈറസ് എങ്ങനെ പ്രവർത്തിക്കുമെന്ന കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പുതിയ വകഭേദത്തെക്കുറിച്ച് കേൾക്കുന്ന മാത്രയിൽ അതിർത്തി അടക്കുന്ന രീതി പാടില്ലെന്നും അതിവേഗ നിഗമനങ്ങളിലേക്ക് എത്തരുതെന്നും ഡബ്ല്യു.എച്ച്.ഒ കൂട്ടിച്ചേർത്തു. പുതിയ ഡെൽറ്റ വൈറസിെൻറ പ്രത്യാഘാതങ്ങൾ വിലയിരുത്താൻ രണ്ടാഴ്ചയെങ്കിലും വേണമെന്ന് ഫൈസർ കമ്പനി ചൂണ്ടിക്കാട്ടി.