പാലക്കാട്:മൂന്ന് കുട്ടികൾ മരിച്ച പശ്ചാത്തലത്തിൽ പട്ടിക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഇന്ന് അട്ടപ്പാടി സന്ദർശിക്കും. വിവിധ ഊരുകളിൽ മന്ത്രി സന്ദർശനം നടത്തും. മന്ത്രിയുടെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേരും. വിവിധ ആദിവാസി ഊരുകളിൽ നിന്നായി നാലു ദിവസത്തിനിടെ മരിച്ച അഞ്ചു കുട്ടികളിൽ മൂന്നും നവജാത ശിശുക്കളാണ്. ശിശുമരണങ്ങൾ അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം അട്ടപ്പാടിയിൽ എട്ടു കൊല്ലം മുമ്പ് നടപ്പാക്കിയ പദ്ധതിയാണ് ജനനി ജന്മ രക്ഷ. പോഷകാഹാരത്തിനായി മൂന്നാം മാസം മുതൽ പതിനെട്ട് മാസം വരെ രണ്ടായിരം രൂപ ഗർഭിണികൾക്കും അമ്മമാർക്കും വിതരണം ചെയ്യും. മാസങ്ങളായി ഈ തുക കിട്ടുന്നില്ലെന്ന് പറയുകയാണ് ഇന്നലെ നവജാത ശിശു മരിച്ച വീട്ടിയൂർ ഊരിലെ ആദിവാസി അമ്മയായ മഞ്ജു. ഇത് മഞ്ജുവിൻ്റെ മാത്രം അനുഭവമല്ല.
അട്ടപ്പാടിയിൽ ജനനി ജന്മരക്ഷ പദ്ധതി പ്രകാരം 560 നടുത്ത് ഗുണഭോക്താക്കളാണ് ഈ വർഷം ഉള്ളത്. ഒരു കോടി രൂപ നവംബർ 22 ന് പാസായിട്ടുണ്ട്, മറ്റു നടപടി ക്രമങ്ങൾ കഴിഞ്ഞാലുടൻ ഗുണഭോക്താക്കളിലേക്ക് പണം എത്തിക്കുമെന്ന് ഐടിഡിപി പ്രൊജക്ട് ഓഫീസർ വിശദീകരിക്കുന്നു. എന്നാൽ ഇപ്പോൾ പാസായിട്ടുള്ള തുകയുടെ പകുതിയും കുടിശ്ശിക കൊടുത്തുതീർക്കാനേ തികയൂ എന്നതാണ് യാഥാർഥ്യം.