ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോന വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്ക-നെതർലൻഡ് പരമ്പര ഉപേക്ഷിച്ചു.
3 ഏകദിന മത്സരങ്ങൾക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ നെതർലൻഡ് ഇന്ന് ആദ്യ മത്സരം കളിച്ചിരുന്നു. മത്സരം മഴ മൂലം ഉപേക്ഷിച്ചു. അടുത്ത മത്സരം ഈ മാസം 28നാണ്. എന്നാൽ, അതിനു മുൻപ് തന്നെ ടീം മടങ്ങും.
അതേസമയം, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം അനിശ്ചിതത്വത്തിലാകും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബര്‍ 17-നാണ് തുടങ്ങുന്നത്. ഇതിനായി ഡിസംബര്‍ എട്ടിന് ദക്ഷിണാഫ്രിക്കയിലേക്ക് പറക്കാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ പദ്ധതി. പരമ്പരയില്‍ മൂന്നു ടെസ്റ്റും മൂന്ന് ഏകദിനവും നാല് ട്വന്റി 20 മത്സരങ്ങളുമുണ്ട്.
അതേസമയം, ഇന്ത്യയുടെ എ ടീം നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ്. സീനിയര്‍ ടീമിന്റെ പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യ എ ടീം മൂന്നു അനൗദ്യോഗിക ടെസ്റ്റുകളാണ് ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ കളിക്കുന്നത്. ഇതില്‍ ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞിരുന്നു.