തിരുവനന്തപുരം: അട്ടിപ്പാടിയിലെത് ശിശുമരണമല്ല, സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടുണ്ടായ കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുനേരെ കണ്ണടച്ച ഭരണകൂടമാണ് അട്ടപ്പാടിയിൽ വീണ്ടും ഒരു നവജാത ശിശുവിനെക്കൂടി മരണത്തിലേക്ക് തള്ളിവിട്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞ്.
വീട്ടിയൂർ ആദിവാസി ഊരിലെ ഗീതു -സുനിഷ് ദമ്പതികളുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള ആൺകുട്ടിയാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ മരിച്ചത്. നാലു ദിവസത്തിനിടെ മൂന്നാമത്തെ ശിശുമരണമാണിത്.
മണ്ണാർക്കാട് ആശുപത്രിയെക്കാൾ ആധുനിക സൗകര്യമുള്ളതാണ് അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി. എന്നാൽ ആദിവാസികൾക്കായി സ്ഥാപിച്ച ആശുപത്രിയിൽ അവർക്ക് പരിഗണന കിട്ടുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
മതിയായ ചികിത്സ ലഭിക്കാത്തതാണ് കുഞ്ഞിൻ്റെ മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. കോട്ടത്തറ ആശുപത്രിയിൽ ആവശ്യമായ സൗകര്യങ്ങളുണ്ടായിട്ടും ഗർഭിണിയെ മണ്ണാർക്കാട് ആശുപത്രിയിലേക്ക് റഫർ ചെയ്തതും ഗുരുതര വീഴ്ചയാണ്.
അട്ടപ്പാടിയിലെ ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ ആദിവാസികള്‍ക്കായുള്ള ജനനീ ജന്മ രക്ഷാ പദ്ധതി സർക്കാർ അവസാനിപ്പിച്ചതായും പരാതി ഉയർന്നിട്ടുണ്ട്.
ചരിത്രപരമായ കാരണങ്ങൾ കൊണ്ട് പിന്തള്ളപ്പട്ടു പോയ ഒരു ജനവിഭാഗത്തെ സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്തേണ്ട സർക്കാർ അവരെ നിരന്തരം അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.