200 മെഗാ പിക്സല്‍ ക്യാമറ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മോട്ടറോള. വ്യത്യസ്ത ക്യാമറ സെന്‍സറുള്ള ഹാന്‍ഡ്സെറ്റ് 2022-ന്റെ ആദ്യ പകുതിയില്‍ തന്നെ അവതരിപ്പിച്ചേക്കും.
സാംസങ്ങിന്റെ 200 മെഗാപിക്സല്‍ ഐസോസെൽ എച് പി 1 സെന്‍സര്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്. പരമാവധി 200 മെഗാപിക്സല്‍ ഇമേജ് റെസലൂഷന്‍ നല്കാന് സഹായിക്കുന്ന ഒരു പുതിയ പിക്സല്‍-ബിന്നിങ് സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
മോട്ടറോളയ്ക്കൊപ്പം തന്നെ അടുത്ത വര്‍ഷം 200 മെഗാപിക്സല്‍ സ്മാര്‍ട് ഫോണ്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഷഓമിയും. അതേസമയം, സാംസങ് തന്നെ 2023ല്‍ 200 മെഗാപിക്സല്‍ ക്യാമറയുള്ള ഹാന്‍ഡ്സെറ്റുമായി വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോട്ടറോളയുടെ 200 മെഗാപിക്സല്‍ ക്യാമറ ഫോണ്‍ ആദ്യം പുറത്തിറങ്ങുമെന്നാണ് ട്വിറ്ററിലെ ഐസ് യൂണിവേഴ്സ് എന്ന ടിപ്പ്സ്റ്റര്‍ അവകാശപ്പെടുന്നത്.
അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ 200 മെഗാപിക്സല്‍ ക്യാമറയുള്ള പുതിയ സ്മാര്‍ട് ഫോണ്‍ അവതരിപ്പിക്കുമെന്ന് ഷഓമിയും സൂചന നല്‍കിയിരുന്നു. കൂടാതെ, മോട്ടറോളയ്ക്കും ഷഓമിക്കും ശേഷം 2023-ല്‍ 200 മെഗാപിക്സല്‍ ക്യാമറ ഫോണ്‍ അവതരിപ്പിക്കാന്‍ സാംസങ്ങിനും പദ്ധതിയുണ്ടെന്ന് ടിപ്സ്റ്റര്‍ അവകാശപ്പെട്ടു. എന്നാല്‍, മോട്ടറോളയും മറ്റ് നിര്‍മാതാക്കളും അവരുടെ പദ്ധതികള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.