ദില്ലി: അന്താരാഷ്ട്ര വിമാന സർവീസുകൾ (International Flight service) ഡിസംബർ 15 മുതൽ സാധാരണ നിലയിൽ. അതേസമയം 14 രാജ്യങ്ങളിലെ വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ തുടർന്നേക്കും. ഇന്ത്യയിൽ നിന്നും തിരിച്ചും അന്താരാഷ്ട്ര സർവീസുകൾ ഡിഡംബർ 15 മുതൽ ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം (Aviation Ministry) വ്യക്തമാക്കി. കൊവിഡ് (Covid 19) വെല്ലുവിളി കുറഞ്ഞ രാജ്യങ്ങളിലേക്ക് മാത്രമാണ് സർവീസുകൾ അനുവദിക്കുക. രാജ്യങ്ങളെ മൂന്ന് കാറ്റഗറിയായി തിരിച്ചായിരിക്കും സർവീസ് നടത്തുക. എന്നാൽ 14 രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കില്ല. യു.കെ, ഫ്രാൻസ്, ജർമനി, സൗത്ത് ആഫ്രിക ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇവിടങ്ങളിൽ ഇപ്പോൾ നടത്തുന്ന എയർ ബബിൾ സംവിധാനത്തിൽ സർവീസ് തുടരും.
2020 മാർച്ചിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിമാന സർവീസ് പൂർണമായി നിർത്തലാക്കിയത്. തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാൻ വന്ദേഭാരത് സർവീസ് ആരംഭിച്ചു. പിന്നീട് കൊവിഡ് കെട്ടടങ്ങിയതിന് ശേഷം എയർ ബബിൾ സംവിധാനത്തിൽ അന്താരാഷ്ട്ര സർവീസ് നടത്തി. കൊവിഡ് വെല്ലുവിളി കുറഞ്ഞെന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിമാന സർവീസ് സാധാരണ നിലയിലാക്കാൻ സർക്കാർ തീരുമാനിച്ചത്. 18 മാസത്തിന് ശേഷമാണ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം. ടൂറിസം മേഖലയിലെ പ്രതിസന്ധികൾ കൂടി കണക്കിലെടുത്താണ് തീരുമാനം.