മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂരിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിലായി. അഷ്റഫ് എന്നയാളാണ് അറസ്റ്റിലായത്. ഇത് മൂന്നാം തവണയാണ് ഇയാൾ പോക്സോ കേസിൽ അറസ്റ്റിലാവുന്നത്. നേരത്തെ പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ ജോലി ചെയ്യുമ്പോഴും ഇയാളെ പോക്സോ കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു. ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് മൂന്ന് തവണയും അറസ്റ്റ് ചെയ്യപ്പെട്ടത്.
ഇന്ന് സംസ്ഥാനത്ത് നേരത്തെ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലെ ഇരയ്ക്ക് സർക്കാർ സ്കൂളിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി ഉയർന്നിട്ടുണ്ട്. മാവേലിക്കര ഗവൺമെന്റ് വൊക്കേഷണൽ ഹായർസക്കണ്ടറി സ്കൂൾ അധികൃതർക്ക് എതിരെയാണ് പരാതി. പ്ലസ് ടു അഡ്മിഷനുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി കേരള ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ കേസിൽ ഇടപെട്ട ഹൈക്കോടതി വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി.
സംസ്ഥാനത്ത് സ്ത്രീപീഡന കേസുകളും (Rape case) പോക്സോ കേസുകളും (POCSO) വർദ്ധിക്കുന്ന സാഹചര്യമാണ്. എന്നാൽ വിചാരണ പൂർത്തിയാക്കാൻ വേണ്ടത്ര കോടതികളില്ലാത്തത് (courts) തിരിച്ചടിയാകുന്നുണ്ട്. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിച്ചതിൽ 28 കോടതികൾ ഇനിയും തുടങ്ങിയില്ല. നവംബർ ഒന്നിന് 28 കോടതികളും പ്രവർത്തനം തുടങ്ങാനായിരുന്നു ഉന്നതയോഗത്തിലെ തീരുമാനം.
രാജ്യത്ത് സ്ത്രീപീഡന- പോക്സോ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടും സമയബന്ധിതമായി വിചാരണ നടപടികൾ പൂർത്തിയാകുന്നില്ല. ആവശ്യത്തിന് കോടതികൾ ഇല്ലാത്തതും കേസുകളുടെ ബാഹുല്യമാണ് ഇരകൾക്ക് സമയബന്ധിതമായി നീതി ലഭിക്കാത്തിന് കാരണം. ഇതേ തുടർന്നാണ് കേന്ദ്രസർക്കാർ സ്ത്രീ പീഡന- പോക്സോ കേസുകളിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ രണ്ടു വർഷത്തേക്ക് താത്കാലിക കോടതികൾ അനുവദിച്ചത്.
കോടതി പ്രവർത്തനങ്ങളുടെ 60 ശതമാനം ചെലവ് കേന്ദ്രവും 40 ശതമാനം ചെലവ് സംസ്ഥാനവും വഹിക്കണം. ഈ പാക്കേജിൽ കേരളത്തിന് 56 കോടതികളാണ് രണ്ടു വഷം മുമ്പ് അനുവദിച്ചത്. ഇതിൽ 28 കോടതികൾ മാത്രമാണ് പ്രവർത്തനം തുടങ്ങിയത്. ഇതിൽ 14 കോടതികൾ പോക്സോ കേസുകൾ മാത്രം പരിഗണിക്കുന്നവയാണ്. പത്തു വർഷത്തിന് മുമ്പുവരെ സമർപ്പിച്ച കുറ്റപത്രങ്ങളിൽ ഈ താൽക്കാലിക കോടതികൾ വന്ന ശേഷമാണ് വിധികൾ വരുന്നത്.
28 കോടതികളിലായി 7226 പോക്സോ കേസുകളും, 1882 ഗാർഹകി പീഡനകേസുകളും, 5698 സ്ത്രീധനപീഡന കേസുകളുമാണ് പരിഗണിക്കുന്നത്. ഇനി ആരംഭിക്കാനുള്ള 28 കോടതികൾ കൂടി പ്രവർത്തനം തുടങ്ങിയാൽ കെട്ടിക്കിടക്കുന്ന എല്ലാ കേസുകളിലും തീർപ്പുണ്ടാകും. ഇരകൾ നീതിയും ലഭിക്കും. 28 കോടതികളും നവംബർ ഒന്നു മുതൽ തുടങ്ങുമെന്നായിരുന്നു ഹൈക്കോടതി രജിസ്ട്രാററും ആഭ്യന്തര സെക്രട്ടറും ഉൽപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലെടുത്ത തീരുമാനം. പക്ഷെ കോടതികൾ ഇതേവരെ തുടങ്ങിയില്ല. നടപകടികൾ പുരോഗമിക്കുന്നുവെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയും കോടതികളുടെ പ്രവർത്തനങ്ങൾ തുടങ്ങുന്നതിലെ കാലതമാസത്തിന് കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു.