ഷാർജ: ഷാർജ നിവാസികൾക്ക് അവരുടെ വൈദ്യുതി ബില്ലുകൾ അടക്കാനും ടാക്സി ബുക്ക് ചെയ്യാനും സോഷ്യൽ സപ്പോർട്ട് സേവനങ്ങൾ സ്വീകരിക്കാനും പുതിയ ആപ്പ്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് ഷാർജ ഡിജിറ്റൽ ഓഫീസ് (എസ്.ഡി.ഒ)ആപ്പ് പുറത്തിറക്കിയത്. ആപ്പിെൻറ ബീറ്റ പതിപ്പ് വെർച്വൽ പത്രസമ്മേളനത്തിൽ അനാച്ഛാദനം ചെയ്തു.
പൗരന്മാരുടെയും താമസക്കാരുടെയും ബിസിനസ് ഉടമകളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ഷാർജയുടെ തീരുമാനമാണ് പദ്ധതിയെ യാഥാർഥ്യമാക്കിയത്. ഓഫീസുകളിലും മറ്റുമെത്തി വരിനിന്ന് സമയം കളയേണ്ട അവസ്ഥയിൽ നിന്നാണ് ഡിജിറ്റൽ ഷാർജ, സുതാര്യമായ സാങ്കേതിക വഴി തുറന്നിരിക്കുന്നത്. ബിസിനസ്, ഗതാഗതം, യൂട്ടിലിറ്റികൾ, സാമൂഹിക സേവനങ്ങൾ, ജനറൽ, റിയൽ എസ്റ്റേറ്റ്, സുരക്ഷ എന്നിവയുൾപ്പെടെ ഏഴ് വിശാലമായ വിഭാഗങ്ങളിലായി 41 സേവനങ്ങളുടെ ഒരു പോർട്ട്ഫോളിയോ നിലവിൽ സ്മാർട്ട് സേവനം വാഗ്ധാനം ചെയ്യുന്നുണ്ട്.
വരാനിരിക്കുന്ന ഘട്ടങ്ങളിൽ കൂടുതൽ സേവനങ്ങൾ കൂട്ടിച്ചേർക്കുന്നത് തുടരാനാണ് പദ്ധതി. ബിസിനസ് താൽപര്യമുള്ള താമസക്കാർക്ക് പുതിയ നിക്ഷേപകരെ രജിസ്റ്റർ ചെയ്യാനും വ്യാപാര നാമം റിസർവ് ചെയ്യാനും ഉപഭോക്തൃ സംരക്ഷണം അല്ലെങ്കിൽ സേവന ഏജൻറ് പരാതികൾ ഫയൽ ചെയ്യാനും ലൈസൻസ് ഫീസ് കണക്കാക്കാനും മറ്റും ആപ്പിലൂടെ സാധിക്കും.
ഉപഭോക്താക്കൾക്ക് അവരുടെ സമയവും പരിശ്രമവും ലാഭിക്കുന്ന വേഗത്തിലുള്ളതും തടസമില്ലാത്ത സേവനം നൽകുന്നതിന് വിവര ആശയവിനിമയ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തുന്ന ഒരു ഫോർവേഡ്-ലുക്കിംഗ് പ്രോജക്റ്റാണ് ഡിജിറ്റൽ ഷാർജ. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ, സർക്കാർ-കമ്മ്യൂണിറ്റി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഷാർജയുടെ ഏറ്റവും പുതിയ ശ്രമമാണിതെന്ന് വകുപ്പ് ഡയറക്ടർ ശൈഖ് സൗദ് ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു.