റിയാദ്: സൗദിയിൽ(Saudi Arabia) മൂന്നുമാസ അടിസ്ഥാനത്തിൽ ഇഖാമയും(Iqama) (താമസ രേഖ) വർക്ക് പെർമിറ്റും എടുക്കൽ/പുതുക്കൽ സേവനം ആരംഭിച്ചു. സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (സദയ)യുടെ സാങ്കേതിക സഹായത്തോടെയാണ് പാസ്‌പോർട്ട് ഡയറക്ടറേറ്റും (ജവാസത്ത്)(Jawazat) മാനവവിഭവ ശേഷി മന്ത്രാലയവും ഈ സേവനം ആരംഭിച്ചത്.
മാനവവിഭവ ശേഷി വകുപ്പിന്റെ ലെവി, ജവാസത്തിന്റെ ഫീസ് എന്നിവ ചേർത്ത് വലിയ തുകയാണ് ഇഖാമയും വർക്ക് പെർമിറ്റും പുതുക്കനോ പുതിയത് എടുക്കാനോ ചെലവുവരുക. ഇതിന്റെ നാലിലൊന്ന് തുക മാത്രം അടച്ച് മൂന്ന് മാസത്തേക്ക് മാത്രമായി അല്ലെങ്കിൽ അതിന്റെ ഗുണിതങ്ങളായി ഇഖാമ പുതുക്കാനുള്ള സംവിധാനമാണ് പ്രവർത്തന പഥത്തിലായത്. മൂന്ന് മാസത്തിന് പുറമെ ആറുമാസം, ഒമ്പത് മാസം, 12 മാസം എന്നീ കാലയളവുകളായും ഇഖാമ പുതുക്കുകയോ പുതിയത് എടുക്കുകയോ ചെയ്യാനാവും. തൊഴിലുടമക്ക് തെന്റ സ്ഥാപനത്തിന്റെ ആവശ്യത്തിന് അനുസരിച്ച് മാത്രം ജീവനക്കാരുടെ ഇഖാമ പുതുക്കാൻ കഴിയുന്നത് രാജ്യത്തെ സ്വകാര്യ മേഖലക്കും തൊഴിൽ വിപണിക്കും വലിയ ആശ്വാസവും സഹായവുമാകും എന്നാണ് കരുതുന്നത്. ഈ നിയമം രാജ്യത്തെ വിദേശ ഗാർഹിക ജോലിക്കാർക്ക് ബാധകമല്ല.