തിരുവനന്തപുരം: ജലവിഭവ വകുപ്പിനെതിരെ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ കർശന നടപടിയെടുക്കും. മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ല. ഇന്നലെ കോടതിയുടെ വിമർശനത്തിൽ ഉണ്ടായ റോഡുകളിൽ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേത്. ജലവിഭവ വകുപ്പ് ഉത്തര വാദിത്വം കാണിക്കുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
നിർത്താതെ പെയ്യുന്ന മഴയാണ് റോഡ് നന്നാക്കുന്നതിൽ പ്രധാന തടസമെന്ന് മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലെ തീരദേശ മലയോര മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കും. മധ്യമങ്ങൾ വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തുക തന്നെ വേണമെന്നും എടപ്പാൾ മേൽപ്പാലത്തിൻ്റെ ടാറിങ് മഴ കഴിഞ്ഞ ശേഷമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
കരാറുകാർക്ക് റോഡ് തകർന്നതിലെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാവില്ലെന്നും ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണെന്നും മന്ത്രി പറഞ്ഞു. മഴകളെ അതിജീവിക്കുന്ന റോഡുകൾ നിർമ്മിക്കുമെന്നും അതിനുള്ള സാങ്കേതിക വിദ്യകൾ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.