കൊച്ചി: മോഫിയ പര്‍വീൻ ആത്മഹത്യ കേസിലെ പോലീസിൻ്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഭര്‍തൃ വീട്ടില്‍ മോഫിയ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മോഫിയയുടെ മാതാപിതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.
ഭർത്താവും മാതാപിതാക്കളും അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. ഭർതൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചു. സുഹൈൽ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പലതവണ ശരീരത്തിൽ മുറിവേൽപിച്ചു. മോഫിയയെ മാനസിക രോഗിയായി മുദ്രകുത്തി. 40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു. പണം നൽകാതായപ്പോൾ പീഡനം തുടർന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, മോഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്.
മോഫിയയുടെ മരണത്തിൽ കാരണക്കാരനായി സിഐ സുധീറിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി മോഫിയയുടെ പിതാവ് ദിൽഷാദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകളിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി