പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ. കൊലയ്ക്ക് ശേഷവും പ്രതികളിൽ ഒരാൾ ആലത്തൂരിൽ ഉണ്ടായിരുന്നുവെന്ന് സാക്ഷി മൊഴി. കസ്റ്റഡിയിലുള്ള പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും.
കൂടുതൽ പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ആദ്യം പിടിയിലായ പ്രതിയുമായി അന്വേഷണസംഘം വീണ്ടും തെളിവെടുപ്പ് നടത്തിയിരുന്നു. കൊലയാളികൾ സഞ്ചരിച്ച കാർ ഉപേക്ഷിച്ച കുഴൽമന്ദത്തും പ്രതിയുടെ വീട്ടിലും കടയിലുമാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിനുപിന്നിൽ ഗൂഢാലോചന നടത്തിയവരെക്കൂടി കണ്ടെത്താനാണ് പോലീസ് ശ്രമം.
ഇതിനിടെ കേസ് അന്വേഷണം എൻഐഎക്ക് വിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പിടിയിലായ രണ്ടാമത്തെ പ്രതിയെയും കോടതി റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പൊള്ളാച്ചിയിൽനിന്ന് കണ്ടെടുത്ത പ്രതികൾ സഞ്ചരിച്ച കാറിൻ്റെ അവശിഷ്ടങ്ങളും ഫോറൻസിക് വിഭാഗം പരിശോധിച്ചിരുന്നു. കൂടുതൽ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് സൂചന.