കൊച്ചി: മോഫിയ പർവീൻ ആത്മഹത്യ ചെയ്തതില്‍ ആരോപണവിധേയനായ പോലീസ് ഇന്‍സ്പെക്ടര്‍ സുധീറിനെതിരെ കൂടുതല്‍ പരാതികള്‍. പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് കൊല്ലം അഞ്ചലിലെ അധ്യാപികയുടെ പരാതി. രാഷ്ട്രീയപിന്തുണയോടെ കേസ് ഒത്തുതീര്‍പ്പിന് സമ്മര്‍ദപ്പെടുന്നതായിരുന്നു സുധീറിൻ്റെ രീതി.
പോലീസ് ഇന്‍സ്പെക്ടര്‍ സി എല്‍ സുധീറിനെതിരെ പരാതിയുളള നിരവിധി പേരില്‍ ഒരാളാണ് കൊല്ലം അഞ്ചല്‍ പുത്തയം തൈക്കാവ് മുക്കില്‍ താമസിക്കുന്ന അധ്യാപികയായ ബീന മോഹനന്‍. 2019 സെപ്റ്റംബറില്‍ ഓട്ടോറിക്ഷാക്കാരൻ്റെ അശ്രദ്ധകാരണം ഉണ്ടായ അപകടത്തെക്കുറിച്ച് അഞ്ചല്‍ സ്റ്റേഷനില്‍ മൊഴി നല്‍കാനെത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്.
പരാതിയില്ലാതാക്കാന്‍ പോലീസ് ഇന്‍സ്പെക്ടറായ സി എല്‍ സുധീര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു. വഴങ്ങാതായപ്പോള്‍ പ്രതിയുടെ മുന്നില്‍ വച്ച് ആക്ഷേപിച്ചു. ഭര്‍ത്താവ് മോഹനനെ അസഭ്യം പറഞ്ഞു. ചില സഖാക്കളും അന്ന് സ്റ്റേഷനില്‍ ഉണ്ടായിരുന്നതായി ബീന ഓര്‍ക്കുന്നു.
കേസ് കോടതിയിലേക്ക് കൈമാറിയപ്പോള്‍ തെറ്റായ റിപ്പോര്‍ട്ട് കൈമാറിയായിരുന്നു പ്രതികാരമെന്ന് ഇവര്‍ പറയുന്നു. സുധീര്‍ അഞ്ചല്‍ സ്റ്റേഷനിലിരുന്ന കാലയളവില്‍ പരാതിക്കാര്‍ പ്രതികളായിട്ടുണ്ടെന്നും അന്നത്തെ മിക്കകേസുകളും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.