തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ആക്രമണ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സിജെഎം കോടതിയില്‍ അപേക്ഷ നല്കി. കേസില്‍ സിപിഎം കൗണ്‍സിലര്‍ ഐ.പി. ബിനു അടക്കം നാല് പ്രതികളാണുള്ളത്.
സര്‍ക്കാരിന്റെ അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി ഒന്നാം സാക്ഷിക്ക് സമന്‍സ് അയച്ചിട്ടുണ്ട്. കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാനാണ് കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം സിജെഎം കോടതിയിലാണ് സർക്കാർ അപേക്ഷ നൽകിയത്. കേസ് പിൻവലിക്കുന്നതിനെതിരെ ബിജെപി തടസ്സ ഹർജി നൽകി. കേസ് ജനുവരി ഒന്നിന് പരിഗണിക്കും.
സിപിഎം നേതാവും മുൻ കോർപ്പറേഷൻ കൗൺസിലറുമായ ഐ പി ബിനു, എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി പ്രിജിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികൾ.
ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ബിജെപി ഓഫീസ് ആക്രമിച്ചത്. 2017 ജൂലായിലാണ് സംഭവം ഉണ്ടായത്. ഓഫീസ് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു.
ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ബി ജെ പി ഓഫീസ് ആക്രമിച്ചത്. ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അടക്കം ആറ് കാറുകളും, ഓഫിസ് ചില്ലുകളും എറിഞ്ഞ് തകർത്തു. സുരക്ഷാ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചു എന്നിങ്ങനെയാണ് കേസുകൾ.