കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയില്‍ വീണ്ടും ഇടപെട്ട് ഹൈക്കോടതി. നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവച്ച് പോകണമെന്ന് ഹൈക്കോടതി. കഴിവുള്ള ഒട്ടേറെ ആളുകള്‍ പുറത്ത് നില്‍ക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസിലാണ് പരാമര്‍ശം.
തകർന്ന റോഡുകൾ എത്രയും വേഗം നന്നാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ പ്രതി ചേർക്കുമെന്നും കോടതി താക്കീത് നൽകി. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച കേസിലായിരുന്നു കോടതിയുടെ പരാമർശം. റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശം അറിയിക്കാൻ സർക്കാർ വകുപ്പുകൾക്ക് നിർദേശവും നൽകി.
കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ട് നന്നാക്കിയ നിരവധി റോഡുകളുണ്ട്. എന്നാല്‍ മാസങ്ങള്‍ക്കകം അത് വീണ്ടും പഴയപടിയായി. ഇത് ശരിയായ നടപടിയല്ല. ഈ റോഡുകള്‍ അടിയന്തരമായി നന്നാക്കാന്‍ സംവിധാനമില്ലേ എന്ന് കോടതി കൊച്ചി നഗരസഭയോട് ചോദിച്ചു. എന്നാല്‍ റോഡ് തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കാന്‍ സംവിധാനമില്ലെന്നായിരുന്നു കൊച്ചി നഗരസഭ മറുപടി നല്‍കിയത്.
റോഡ് കൃത്യമായി നിര്‍മിക്കാന്‍ അറിയാത്ത എന്‍ജിനീയര്‍മാര്‍ രാജിവെക്കണം. വകുപ്പില്‍ മികച്ച എന്‍ജിനീയര്‍മാരില്ലെങ്കില്‍ കഴിവുള്ള ആളുകള്‍ പുറത്തുണ്ട്. അവര്‍ക്ക് അവസരം നല്‍കണമെന്നും കോടതി പറഞ്ഞു.
ന്യായീകരണങ്ങള്‍ മാറ്റി നിര്‍ത്തണം. റോഡ് നിര്‍മാണങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.