തിരുവനന്തപുരം: 2021-22 അധ്യയന വർഷം സംസ്ഥാനത്തെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന റാങ്ക് പട്ടിക (കീം-2021) നവംബർ 27ന് പ്രസിദ്ധീകരിക്കും. പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിലാണ് (www.cee.kerala.gov.in) പട്ടിക പ്രസിദ്ധീകരിക്കുന്നത്.
കീം മുഖേന അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾക്ക് അവരുടെ നീറ്റ് (യു.ജി) 2021 പരീക്ഷാഫലം സമർപ്പിക്കുന്നതിന് നവംബർ 24 വൈകീട്ട് അഞ്ച് മണിവരെ സമയം അനുവദിച്ചിരുന്നു. നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷാഫലം പ്രവേശന പരീക്ഷ കമീഷണർക്ക് ഒാൺലൈനായി സമർപ്പിക്കാത്ത അപേക്ഷകരെ 2021ലെ റാങ്ക് പട്ടികയിൽ ഉൾപ്പെടുന്നതല്ല. തപാൽ വഴിയോ നേരിട്ടോ സമർപ്പിച്ച രേഖകളോ അപേക്ഷകളോ പരിഗണിക്കുന്നതല്ല.
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള അലോട്ട്മെൻറ് ഷെഡ്യൂൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്മെൻറ് സംബന്ധിച്ച വിവരങ്ങൾക്കായി വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റ് (www.cee.kerala.gov.in) സന്ദർശിക്കേണ്ടതാണെന്നും പ്രവേശന പരീക്ഷാ കമീഷണർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഹെൽപ് ലൈൻ നമ്പർ: 0471-2525300.