മുംബൈ: മാധ്യമപ്രവർത്തകയെയും പെൺകുട്ടിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ കുറ്റവാളികളുടെ വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. പൊതുവികാരത്തിൻറെ അടിസ്ഥാനത്തിൽ വിധി പറയരുതെന്ന് പ്രസ്താവിച്ച് കൊണ്ടാണ് ബോംബെ ഹൈക്കോടതി നിലപാടെടുത്തത്. ശക്തി മിൽസ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. 2013ൽ മുംബൈയിൽ ശക്തിമില്ലിൽ വച്ച് ഫോട്ടോ ജേണലിസ്റ്റിനെ ബലാത്സംഗം ചെയ്ത കേസിലാണ് നടപടി. ഇതേ വർഷം ജൂലൈയിൽ മറ്റൊരു പെൺകുട്ടിയെയും പ്രതികൾ ബലാത്സംഗം ചെയ്തിരുന്നു. ഇത് കൂടി പരിഗണിച്ചാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. പ്രതികൾക്ക് പരോൾ പോലും ലഭിക്കാതെ ജീവപര്യന്തം കഠിന തടവാക്കി ശിക്ഷ കുറയ്ക്കുകയാണ് ബോംബെ ഹൈക്കോടതി ചെയ്തത്.