തിരുവനന്തപുരം: കേന്ദ്രഗവൺമെന്റ് യാതൊരു തത്വദീക്ഷയുമില്ലാതെ വർദ്ധിപ്പിക്കുന്ന ഇന്ധന വിലക്കയറ്റത്തിനെതിരേ പ്രതിഷേധിച്ചു കൊണ്ടും, പാചക വാതക സബ്സിഡി പുനസ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടും എൻസിപി സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ച് നവംബർ 27 ശനിയാഴ്ച രാവിലെ 11 ന് തിരുവനന്തപുരത്ത് നടക്കും.
ഇന്ധന വിലക്കയറ്റത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചു കയറുകയാണ്. പാചക വാതകത്തിൻ്റെ ക്രമാതീതമായ വിലക്കയറ്റം സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത വിധത്തിലാണ്. ജീവിതത്തിൻ്റെ സമസ്ത മേഖലകളും ദുരിതത്തിലാണ്ടിരിക്കുന്നു. പാചക വാതകത്തിന് കേന്ദ്ര ഗവൺമെൻറ് നിർത്തലാക്കിയ സബ്സിഡി പുന:സ്ഥാപിക്കണം.
കേന്ദ്രഗവൺമെന്റിൻ്റെ ക്രൂരമായ ഇന്ധന വിലക്കൊള്ളക്കെതിരേ എൻസിപി രണ്ടു ഘട്ടങ്ങളിലായി ഗൃഹസദസ്സുകളും. പെട്രോൾ പമ്പുകൾക്കു മുമ്പിൽ പ്രതിഷേധ സമരവും സംഘടിപ്പിച്ചിരുന്നു. കാർഷിക നിയമങ്ങൾ തെറ്റായിരുന്നു എന്ന് സ്വയം സമ്മതിച്ച് ജനങ്ങളോട് മാപ്പു പറഞ്ഞതുപോലെ പ്രധാനമന്ത്രി, ക്രൂരമായ ഇന്ധന വിലക്കൊള്ള അവസാനിപിച്ച് ഇന്ത്യയിലെ ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിച്ച ഭാരം ഇറക്കാൻ തയ്യാറാകണം. ഭരണകൂടത്തിൻ്റെ മനഷ്യത്വരഹിത നടപടിയാണ് കണ്ണീച്ചോരയില്ലാത്ത ഇന്ധന വില വർദ്ധനവ്.
എൻസിപിയുടെ പ്രതിഷേധ മാർച്ച് നവംബർ 27ന് മ്യൂസിയം ജംഗ്ഷനിൽ നിന്നാരംഭിച്ച് പ്രകടനമായി രാജ്ഭവന് മുന്നിലെത്തും. 140 നിയോജക മണ്ഡലങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട അയ്യായിരം പ്രവർത്തകർ രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ വാർത്താ സമ്മേളനത്തിൽ അറിയച്ചു.
എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സെക്രട്ടറി ടി പി പീതാംമ്പരൻ മാസ്റ്റർ, തോമസ് കെ തോമസ് എം എൽ എ, ദേശീയ സെകട്ടറിമാരായ എൻ എ മുഹമദുകുട്ടി, കെ ജെ ജോസ് മോൻ വർക്കിംഗ് കമ്മറ്റിയംഗങ്ങളായ അഡ്വ. വർക്കല രവികുമാർ, റെജി ചെറിയാൻ സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ പി എം സുരേഷ് ബാബു, പി കെ രാജൻ മാസ്റ്റർ, ലതികാ സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ ആർ രാജൻ, സുഭാഷ് പുഞ്ചക്കോട്ടിൽ. കെ ഷാജി, കെ സുഭാഷ് ചന്ദ്രൻ തിരുപുറം ഗോപൻ തുടങ്ങിയവർ നേതൃത്വം നൽകും.