ദുബായ് : യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി എക്സ്പോയിലും അത്യുഗ്രൻ കാഴ്ചകൾ അരങ്ങേറും. യുഎഇയുടെ ജൈത്രയാത്രയുടെ വിസ്മയ ദൃശ്യങ്ങൾ ഇമേഴീസ് സാങ്കേതിക വിദ്യയിലൂടെ അൽവാസലിലെ കൂറ്റൻ മകുടത്തിൽ നിറയും. ഇരുന്നൂറിലേറെ കലാകാരന്മാർ പങ്കെടുക്കുന്ന രംഗാവിഷ്കാരവും ഉണ്ടാകും.
ഇതിനു പുറമേ വെടിക്കെട്ടും കുതിരപ്പടയുടെ പരേഡും പാർക്കുകളിൽ കലാവിരുന്നും നടക്കും. ഡിസംബർ രണ്ടിന് രാവിലെ തന്നെ ആരംഭിക്കുന്ന പരിപാടികളുടെ മാറ്റ് വർധിപ്പിച്ച് ഇമറാത്തി ഗായിക എയിഡ് അൽ മെൻഹാലിയുടെ സംഗീത നിശയും യുഎഇ വ്യോമസേനയുടെ അഭ്യാസവും നടക്കും. രാവിലെ 10.15ന് അൽ വാസൽ പ്ലാസയിൽ ദേശീയ പതാക ഉയർത്തുന്നതോടെ പരിപാടികൾ ആരംഭിക്കും.
ഉച്ചയ്ക്ക് 12.45ന് അശ്വാരൂഢ സേനയുടെ പരേഡ്. ഒരുമണിക്ക് പരമ്പരാഗത അൽ അസി അരങ്ങേറും. തുടർന്ന് ഇമറാത്തി ഗായിക ഫാത്മ സഹറത് അൽ ഐനിന്റെ സംഗീത പരിപാടി. യുഎഇ വ്യോമസേനയുടെ അഭ്യാസ വിഭാഗം അൽ ഫർസാൻ ആകാശവിസ്മയം തീർക്കും. ജൂബിലി സ്റ്റേജിൽ വൈകിട്ട് 5.30 മുതൽ ഹത്തയിൽ നിന്നുള്ള ദേശീയദിനാഘോഷങ്ങളുടെ ലൈവ് ഷോ ഉണ്ടാകും. രാത്രി 10ന് വെടിക്കെട്ട്.
തുടർന്ന് എയ്ഡ അൽ മെൻഹാലിയുടെ സംഗീത നിശ. ഡിസംബർ ഒന്നു മുതൽ നാലുവരെ എല്ലാദിവസവും അൽ വാസലിൽ യുഎഇയുടെ വിജയയാത്രയുടെ രംഗാവിഷ്കാരം നടക്കും. ഇതിനു പുറമേ എക്സ്പോയിലെ വിവിധ പാർക്കുകളിൽ സാംസ്കാരിക പരിപാടികളും ഇമറാത്തി പൈതൃകം വെളിപ്പെടുത്തുന്ന ആവിഷ്കാരങ്ങളും ഉണ്ടാകും.