കൊച്ചി: നീതി കിട്ടുമെന്ന് കരുതിയാണ് മോഫിയ പോലീസ് സ്റ്റേഷനിലേക്ക് പോയതെന്ന് മോഫിയയുടെ ഉമ്മ ഫാരിസ. നീതി കിട്ടില്ലേയെന്ന് അവള്‍ പപ്പയോട് ചോദിച്ചു. ധൈര്യത്തോടെ സ്റ്റേഷനിലേക്കു പോയി. മകള്‍ ഇത്രയും തകരുമെന്ന് കരുതിയില്ല. ഭര്‍ത്താവിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒരുപാട് പരാതികള്‍ പറഞ്ഞു.
2500 രൂപ വിലയിട്ടാണ് സുഹൈൽ മോഫിയക്ക് കത്തയച്ചത്. മുത്തലാഖ് കിട്ടുന്നതുവരെ അവള്‍ തളരാതെ പിടിച്ചുനിന്നു. മുത്തലാഖ് നിരോധിച്ചതാണെന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചിരുന്നു. പറഞ്ഞാല്‍ തീരാത്തത്ര പീഡനമാണ് മകള്‍ അനുഭവിച്ചത്. ഭർത്താവിൻ്റെ വീട്ടുകാർ വെളുത്ത പെണ്ണിനെ കല്ല്യാണം ആലോചിക്കാൻ തുടങ്ങിയിരുന്നു. പോലീസിലും നിയമത്തിലും മകൾക്ക് അത്ര വിശ്വാസമായിരുന്നുവെന്നും ഉമ്മ ഫാരിസ പറഞ്ഞു.
ആലുവ പോലീസ് സ്റ്റേഷന് മുന്‍പിലെ കോണ്‍ഗ്രസ് സമര പന്തലിൽ മോഫിയയുടെ മാതാപിതാക്കൾ എത്തിയിരുന്നു. ആലുവ സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എംഎല്‍എ, ബെന്നി ബെഹനാന്‍ എം പി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് സമരം.