ജയ്പുര്‍: വിവാദ പരാമർശവുമായി രാജസ്ഥാൻ ഗതാഗതവകുപ്പ് മന്ത്രി രജേന്ദ്ര സിങ് ഗുധ. റോഡുകള്‍ കത്രീന കൈഫിന്റെ കവിളുകള്‍ പോലെ വേണം നിര്‍മിക്കാന്‍ എന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിവാദത്തിലായത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സ്വന്തം മണ്ഡലമായ ഉദയപുര്‍വാടിയില്‍ ജനങ്ങളുമായി ആശയവിനിമയം നടത്തുമ്പോഴായിരുന്നു രാജേന്ദ്ര സിങ്ങിന്റെ വിവാദപരാമര്‍ശം. പ്രദേശത്തെ റോഡുകള്‍ നന്നാക്കണമെന്ന് ഗ്രാമവാസികളില്‍ ചിലര്‍ രാജേന്ദ്ര സിങ്ങിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ്, യോഗത്തില്‍ പങ്കെടുക്കാനെത്തിയ പൊതുമരാമത്ത് വകുപ്പിലെ ചീഫ് എന്‍ജിനീയര്‍ക്ക് വിചിത്രനിര്‍ദേശം മന്ത്രി നല്‍കിയത്.
“എന്റെ മണ്ഡലത്തില്‍, റോഡുകള്‍ നിര്‍മിക്കേണ്ടത് കത്രീനാ കൈഫിന്റെ കവിളുകള്‍ പോലെയാകണം”, എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
ഇതോടെ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി.