തിരുവനന്തപുരം: ലോക് താന്ത്രിക് ദളിലെ (Loktantrik Janata Dal) വിമത നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. വി സുരേന്ദ്രൻ പിള്ളയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ഷേഖ് പി ഹാരിസിനെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി.
സെക്രട്ടറിമാരായ രാജേഷ് പ്രേം, അങ്കത്തിൽ അജയകുമാർ എന്നിവരെയും മാറ്റി. നേതൃത്വത്തെ വെല്ലുവിളിച്ച് സമാന്തരയോഗം ചേർന്നതിൽ വിശദീകരണം നൽകാത്തതിനെ തുടർന്നാണ് സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്കുമാർ നാല് പേർക്കെതിരെയും നടപടിയെടുത്തത്.
ഓൺലൈനായി ചേർന്ന എൽജെഡി നേതൃയോഗത്തിലാണ് തീരുമാനമുണ്ടായത്. ഈ മാസം 17നായിരുന്നു വിമതർ യോഗം ചേർന്ന് സംസ്ഥാന പ്രസിഡന് ശ്രേയാംസ് കുമാറിനെതിരെ പരസ്യ നിലപാടെടുത്തത്. തുടർന്ന് ശനിയാഴ്ച ചേർന്ന നേതൃയോഗത്തിൽ വിമതരോട് വിശദീകരണം തേടി. എന്നാൽ വിശദീകരണം നൽകാൻ നേതാക്കൾ തയ്യാറായില്ല. ഇതോടെയാണ് നടപടിയിലേക്ക് എത്തിയത്.
എന്നാൽ നടപടി അംഗീകരിക്കുന്നില്ലെന്ന് വിമതർ മറുപടി നൽകി. നടപടിയെടുക്കാൻ ശ്രെയാംസ് കുമാറിന് അധികാരമില്ല. സംസ്ഥാന ഭാരവാഹികളെ നിയമിച്ചത് ദേശിയ നേതൃത്വമാണ്. സംസ്ഥാന കൗൺസിൽ വിളിച്ച് ചേർക്കുമെന്നുമാണ് വിമത വിഭാഗത്തിന്റെ മറുപടി.
കഴിഞ്ഞ ദിവസം ചേർന്ന എല്‍.ജെ.ഡി ഭരവാഹി യോഗത്തിലാണ് വിമതപക്ഷത്തെ പ്രധാന നേതാക്കളെ പുറത്താക്കാന്‍ ധാരണയായത്. ശ്രേയാംസ് കുമാറിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരിന്നു വിമതപക്ഷത്തിന്‍റെ ആവശ്യം. വിമതരോടൊപ്പം നിന്ന മലപ്പുറം ആലപ്പുഴ ജില്ലാ പ്രസിഡണ്ട് മാർക്കെതിരെയും നടപടിയുണ്ട്.