തിരുവനന്തപുരം: അധികാരവികേന്ദ്രീകരണവും തദ്ദേശ സ്വയംഭരണവും ശക്തിപ്പെടുത്തുന്നതിനുള്ള ഓണ്‍ലൈന്‍ ചര്‍ച്ചാ വേദി എന്ന നിലയില്‍ കില രൂപകല്‍പ്പന ചെയ്ത ‘തദ്ദേശകം’ എന്ന ഓണ്‍ലൈന്‍ ചര്‍ച്ചാവേദി തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ 2021 നവംബര്‍ 24 ഉച്ചക്ക് 2.30 ന് ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഐ.എ.എസ്. അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ ‘തദ്ദേശകം’ ഓണ്‍ലൈന്‍ ചര്‍ച്ചാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കില സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ മിറാഷ് ഒ.എസ്. സ്വാഗതം ആശംസിച്ചു.
അധികാരവികേന്ദ്രീകരണം തദ്ദേശസ്വയംഭരണം എന്ന വിഷയങ്ങളില്‍ താല്‍പര്യമുള്ള ആര്‍ക്കും ഈ ചര്‍ച്ചാ വേദിയില്‍ പങ്കെടുക്കാവുന്ന വിധത്തിലാണ് ഈ പോര്‍ട്ടല്‍ രൂപ കല്പന ചെയ്തിട്ടുള്ളത്. അംഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വിഷയങ്ങള്‍ മോഡറേറ്റര്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്നതാണ്. അംഗങ്ങള്‍ വിഷയങ്ങള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ആ വിഷയത്തിന്റെ പശ്ചാത്തലം, എന്തിനാണ് വിഷയം ചര്‍ച്ച ചെയ്യേണ്ടത്, ഈ ചര്‍ച്ചയിലൂടെ ലഭിക്കുന്ന ആശയങ്ങള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഒരു വിഷയത്തിന്റെ മുന്‍ഗണന, കാലയളവ് എന്നിവ അതാത് വിഷയത്തിന്റെ പ്രാധാന്യമനുസരിച്ച് മോഡറേറ്റര്‍ക്ക് നിശ്ചയിക്കാവുന്നതാണ്.
ഓരോ ചര്‍ച്ചയുടെയും സംക്ഷിപ്ത രൂപം ചര്‍ച്ച അവസാനിപ്പിച്ച് ഒരു ആഴ്ച്ചക്കുള്ളില്‍ പ്രസിദ്ധീകരിക്കും. ഇംഗ്ലീഷിലോ മലയാളത്തിലോ ഈ ചര്‍ച്ചകളില്‍ പ്രതികരിക്കാം. അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങള്‍, കേസ് സ്റ്റഡി എന്നിവ അപ്പ് ലോഡ് ചെയ്യാനുള്ള സംവിധാനവും ഈ വേദിയില്‍ ഉണ്ടായിരിക്കും. പൊതുജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഈ സംവിധാനം ഫലപ്രദമായി ഉപയോഗിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.
പോര്‍ട്ടല്‍ അഡ്രസ് : https://thaddesakam.kila.ac.in/