ഷാർജ :യുഎഇയുടെ സുവർണജൂബിലി ദേശീയ ദിനാഘോഷം വിപുലമായി നടത്തുമെന്ന് ഷാർജ അധികൃതർ. 26, 28, 29 തീയതികളിൽ യഥാക്രമം കൽബ, അൽ ബത്ത, വാദി അൽ ഹെലോ എന്നിവിടങ്ങളിൽ ഷോകളും മറ്റു പരിപാടികളും നടക്കും.
ക്ലാസിക് കാർ പരേഡ്, ഫാൽക്കൻറി, ഹെറിറ്റേജ് ഷോ തുടങ്ങിയവ അരങ്ങേറും. കൂടാതെ യുഎഇയുടെയും ഷാർജയുടെയും 50 വർഷത്തെ പുരോഗതിയുടെയും പൈതൃകങ്ങളുടെയും വിശേഷങ്ങൾ പ്രദർശിപ്പിക്കും. നാടോടി, കലാപരിപാടികൾ എന്നിവയും ഉണ്ടാകും.
കൽബ വെടിക്കെട്ട്
26ന് രാത്രി ദേശീയഗാന അകമ്പടിയോടെ കൽബയിൽ കരിമരുന്ന് പ്രയോഗം നടക്കും. വൈകിട്ട് നാലിന് ദേശീയ ഓപ്പറ അരങ്ങേറുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ക്ലാസിക് കാർ, ബൈക്ക് പരേഡ് വാഹന പ്രേമികളെ രസിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഒട്ടേറെ മറ്റു നാടോടി പരിപാടികളും പ്രശസ്ത ഇമറാത്തി ഗായകൻ ഫൈസൽ അൽ ജാസിമിന്റെ സംഗീതക്കച്ചേരിയും ഉണ്ടാകും.
28ന് അൽ ബത്തായിയിൽ ഇമറാത്തി സാംസ്കാരിക പരിപാടികൾ നടക്കും. രാവിലെ 9 മുതൽ 11 വരെ അൽ മതാഫ് അസോസിയേഷൻ അവതരിപ്പിക്കുന്ന ഹെറിറ്റേജ് ഷോകൾ, വാർഷിക പരേഡ്, യുഎഇയുടെ മഹത്വത്തെക്കുറിച്ചുള്ള പ്രദർശനങ്ങൾ എന്നിവയുണ്ടാകും വാദി അൽ ഹെലോയുടെ ദേശീയ ദിനാഘോഷങ്ങൾ ദിബ്ബ അൽ ഹർബിയിൽ ആരംഭിക്കും.
29ന് വൈകിട്ട് 4 മുതൽ 5 വരെ ബാൻഡിന്റെ പ്രകടനം. ഫാൽക്കണുകളെ അടുത്ത് കാണാനും അവസരമുണ്ട്. ഖോർഫക്കാൻ, മദാം, ദിബ്ബ അൽ ഹിൻ, അൽ ഹംറിയ, കൽബ എന്നിവയുൾപ്പെടുന്ന ഷാർജ എമിറേറ്റിലെ എല്ലാ നഗരങ്ങളിലും ദേശീയ ദിനാഘോഷങ്ങൾ നടക്കുമെന്ന് അധികൃതർ പറഞ്ഞു.
ആടിപ്പാടാൻ അബുദാബി
അബുദാബി∙ യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിൽ ഡിസംബർ 1 മുതൽ 3 വരെ വിപുലമായ പരിപാടികൾ. യുഎഇയുടെ സംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടികൾക്കു പുറമെ പ്രമുഖരുടെ സംഗീതകച്ചേരിയും നൃത്തവും വെടിക്കെട്ടും അരങ്ങേറും.
നവംബർ 26ന് ഖസർ അൽ ഹോസനിലും ഡിസംബർ ഒന്നിന് എമിറേറ്റ്സ് പാലസിലും 2ന് ഖസർ അൽ ഹൊസനിലും മൂന്നിന് ലൂവ്റ് അബുദാബി മ്യൂസിയത്തിലും സംഗീത പരിപാടികൾ അരങ്ങേറും. രണ്ടിന് അബുദാബി, അൽഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ രാത്രി 9ന് വെടിക്കെട്ടുണ്ടാകും. അൽമരിയ ദ്വീപിൽ ഡിസംബർ 2, 3 തീയതികളിൽ കരിമരുന്ന് പ്രയോഗമുണ്ട്. 2ന് അബുദാബി സ്‌പോർട്‌സ് ഏവിയേഷൻ ക്ലബിൽ സ്കൈ ഡൈവ് ഷോ അരങ്ങേറും.
യുഎഇ പതാകയുമായുമായി സ്കൈഡൈവുമാർ അബുദാബിയുടെ ആകാശത്ത് സുവർണജൂബിലി മുദ്ര സൃഷ്ടിക്കും. കൂടാതെ പാരാമോട്ടോർ, പാരാസെയിലിങ് ഷോകളും അരങ്ങേറും. 2ന് ബവാബത്ത് അൽ ഷർഖ് മാളിൽ ദേശീയ ദിന ഫ്ലാഷ് മോബുണ്ടാകും. 50 വർഷത്തെ ചരിത്രം വിവരിക്കുന്ന ചിത്രപ്രദർശനമുണ്ട്.
ഖസർ അൽ ഹൊസ്‌നിലാണ് സുവർണജൂബിലി സിനിമ പ്രദർശനം. ഹുദൈരിയത്ത് ദ്വീപ്, ഷെയ്ഖ ഫാത്തിമ പാർക്ക്, ഖസർ അൽ മുവൈജി, കൾചറൽ ഫൗണ്ടേഷൻ, മനാറത് അൽ സാദിയാത്, ജാഹിലി ഫോർട്ട്, യാസ് ഐലൻഡ് എന്നിവിടങ്ങളിലും പ്രത്യേക പരിപാടികൾ ഒരുക്കിയിട്ടുണ്ട്.