തിരുവനന്തപുരം: പോരാട്ടങ്ങൾക്കൊടുവിൽ അനുപമ കുഞ്ഞുമായി ശിശുക്ഷേമസമിതിക്ക് മുന്നിലെ സമരപ്പന്തലില്‍ എത്തി. കുഞ്ഞിനെ കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു. മാധ്യമങ്ങളോട് വലിയ നന്ദിയുണ്ടെന്നും അനുപമ പറഞ്ഞു. അതേസമയം സമരം തുടരമെന്ന് ഐക്യദാര്‍ഢ്യസമിതി അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതുവരെ സമരം തുടരാനാണ് ഐക്യദാര്‍ഢ്യസമിതിയുടെ തിരുമാനം. തുടര്‍സമരപരിപാടികള്‍ ആലോചിക്കുമെന്ന് കെ കെ രമ എം എല്‍ എ പറഞ്ഞു.
ഉച്ചയോടെ കോടതിയിൽ എത്തിച്ച കുഞ്ഞിനെ കോടതി നടപടികൾക്കു ശേഷം അനുപമയ്ക്കു ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ കൈമാറി. ഇതിനുള്ള ഉത്തരവിനു മുന്നോടിയായി പാളയം കുന്നുകുഴിയിലെ നിർമല ശിശുഭവനിൽ നിന്ന് കുഞ്ഞിനെ കോടതിയിൽ എത്തിച്ചിരുന്നു. ജഡ്ജി ബിജു മേനോൻ്റെ ചേംബറിൽ വച്ചാണ് നടപടികൾ പൂർത്തിയാക്കിയത്. ഉച്ചയ്ക്കു ശേഷം 2.30 ഓടെ ആരംഭിച്ച കോടതി നടപടികൾ ഒന്നരമണിക്കൂറോളം നീണ്ടു.
അതേസമയം, കുഞ്ഞിനെ ദത്ത് നല്കിയ കേസിൽ ഗുരുതര പിഴവുകൾ ഉൾക്കൊള്ളുന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറി. ശിശുക്ഷേമ സമിതിക്കും സി ഡബ്ല്യു സിക്കും പിഴവുകൾ സംഭവിച്ചതായി കണ്ടെത്തി. ക്രിമിനൽ ഗൂഢാലോചന നടത്തിയവർക്കെതിരെ പോരാട്ടം തുടരുമെന്ന് അനുപമയും അജിത്തും വ്യക്തമാക്കി.