ഉത്തര്‍പ്രദേശ്:ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം പ്രോവിഡന്റ് ഫണ്ടിലെ (പിഎഫ് ) തുക ലഭിക്കാനായി മൂന്ന് വര്‍ഷത്തോളം പോരാടിയ മില്‍ തൊഴിലാളിക്ക് അവസാനം തുക അനുവദിച്ച് കിട്ടിയത് മരിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം.ഉത്തര്‍പ്രദേശിലെ ഉജാനിയിലുള്ള ഹെത്രാം പാലിനാണ് ഈ ദുരവസ്ഥയുണ്ടായത്.
ഹെത്രാംപാല്‍ 2018ലാണ് ജോലിയില്‍ നിന്നും വിരമിച്ചത്. അതിന് ശേഷം മൂന്ന് വര്‍ഷമായി തന്റെ പ്രോവിഡന്റ് ഫണ്ടിലെ തുക അനുവദിച്ച് കിട്ടുന്നതിനുള്ള തീവ്ര പരിശ്രമത്തിലായിരുന്നു. ഇതിനായി കഴിഞ്ഞ പത്ത് മാസത്തിനിടെ പലപ്പോഴും അദ്ദേഹം പ്രതിഷേധത്തിലിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമാവുകയും ചികിത്സയ്ക്കായി നിരവധി പണം ചെലവഴിക്കേണ്ടി വരികയും ചെയ്തു.
എന്നാല്‍, തിങ്കളാഴ്ച ഈ പോരാട്ടം അവസാനിപ്പിച്ച് ഹെത്രാം യാത്രയായി, എങ്കിലും അദ്ദേഹത്തിന് ഒടുവില്‍ വിജയം നേടാനായി. ഹെത്രാമിന്റെ മരണം സംഭവിച്ച് ഏതാനം മണിക്കൂറുകള്‍ക്കകം, ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ പിഎഫ് അക്കൗണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റി. ശേഷിക്കുന്ന 7 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കുടുംബത്തിന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കുകയും ചെയ്തു.
63 വയസ്സുള്ള ഹെത്രാം ജോലി ചെയ്തിരുന്നത് ഒരു സഹകരണ മിൽ തൊഴിലാളി ആയിരുന്നു. അസുഖത്തെ തുടര്‍ന്ന് തന്റെ സാമ്ബത്തിക സ്ഥിതി മോശമായതിനാല്‍ അടിയന്തിരമായി പണം അനുവദിച്ച് നല്‍കണം എന്ന് മാസങ്ങളായി അപേക്ഷിച്ച് വരികയായിരുന്നു. എന്നാല്‍, ഇതില്‍ തീരമാനം ആകാതെ ഇതുവരെ നീണ്ടു പോയി.
ശേഷിക്കുന്ന തുക ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ നല്‍കാമെന്ന് ഹെത്രാം പാല്‍ 40 വര്‍ഷമായി ജോലി ചെയ്തിരുന്ന ഉജാനിലെ കിസാന്‍ സഹകാരി ചിനി മില്‍സിന്റെ ജനറല്‍ മാനേജര്‍ രാജീവ് കുമാര്‍ രസ്‌തോംഗി കുടുംബത്തിന് രേഖാ മൂലം ഉറപ്പു നല്‍കിയിട്ടുണ്ട്.2018 ല്‍ വിരമിച്ച നൂറിലേറെ ജീവനക്കാര്‍ സമാനമായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ ജീവനക്കാരുടെ അക്കൗണ്ട് വിശദാംശങ്ങളിലെ പ്രശ്‌നങ്ങള്‍ കാരണമാണ് പേമെന്റുകളില്‍ തീര്‍പ്പാകാത്തത് എന്ന് രംസ്‌തോംഗി പറയുന്നു. ജനന തീയിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഹെത്രാംപാലിന് പിഎഫ് തുക അനുവദിച്ച് നല്‍കാന്‍ തടസ്സമായതെന്നാണ് രസ്‌തോംഗിയുടെ വാദം. അതേ സമയം അദ്ദേഹത്തിന്റെ കുടുംബം ഇതിനെ എതിര്‍ത്തു. വിരമിച്ചതിന് ശേഷം ചെലവഴിക്കാന്‍ തന്റെ പിഎഫ് അക്കൗണ്ടിലെ പണം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഹെത്രാം തന്റെ സമ്ബാദ്യത്തിന്റെ ഭൂരിഭാഗവും സിവില്‍ ലൈനില്‍ ഒരു വീടുവാങ്ങുന്നതിനായി ചെലവഴിച്ചിരുന്നു. ഭാര്യ മുന്നി ദേവിക്കും മകന്‍ മഹേഷ് പാലിനുമൊപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്. മറ്റ് രണ്ട് ആണ്‍മക്കള്‍ മറ്റൊരിടത്താണ് താമസിക്കുന്നത്.
‘എന്റെ അച്ഛന്‍ മില്ലില്‍ നിന്ന് മാസം 28,000 രൂപ സമ്ബാദിച്ചിരുന്നു വിരമിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പിഎഫ് ക്ലെയിമുകള്‍ തീര്‍പ്പാക്കിയില്ല. 40 വര്‍ഷത്തോളം അദ്ദേഹം മില്ലില്‍ സേവനമനുഷ്ഠിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വിശ്വസ്തതയ്ക്ക് വിലയുണ്ടെന്ന് ഭരണകൂടം കരുതിയില്ല. നിരവധി അപേക്ഷകള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഞങ്ങളുടെ സാമ്ബത്തിക സ്ഥിതി ദുര്‍ബലമാണ്, എനിക്ക് സ്ഥിരതയുള്ള ജോലിയില്ല. കഷ്ടപ്പെട്ട് സമ്ബാദിച്ച പണം നഷ്ടപ്പെടുമോ എന്ന ഭയം എന്റെ പിതാവിനെ വിഷാദത്തിലാക്കി, അതായിരുന്നു അദ്ദേഹത്തിന്റെ അസുഖത്തിന് കാരണമായത്. ചികിത്സയിലായിരുന്നെങ്കിലും സുഖം പ്രാപിച്ചില്ല ‘ മഹേഷ് പാല്‍ പറഞ്ഞു.
പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് മില്‍ ഭരണകൂടത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനായിരുന്നു മഹേഷ് പാലിന്റെ തീരുമാനം. ഇതിനായി എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കിള്‍ ഓഫീസര്‍ അലോക് മിശ്ര ഇടപെട്ട് മില്‍ ജനറല്‍ മാനേജരുമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് ഹെത്രാം പാലിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മൂന്ന് ലക്ഷം രൂപ എത്തിയത്.പിഎഫ് ക്ലെയിമുകള്‍ ഉടന്‍ തീര്‍പ്പാക്കുമെന്ന പ്രതീക്ഷയിലാണ് വിരമിച്ച മില്‍ തൊഴിലാളികള്‍. ഇത് സംബന്ധിച്ച് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. മൊത്തം 235 ജീവനക്കാരാണ് വിരമിച്ചത് ഇവരില്‍ 125 പേരുടെ പിഎഫ് ക്ലെയിമുകള്‍ ക്ലിയര്‍ ചെയ്തു കഴിഞ്ഞു. ശേഷിക്കുന്ന ജീവനക്കാരുടെ കുടിശ്ശിക തീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.