അബുദാബി: യുഎഇയിൽ സ്‍മരണ ദിനവും ദേശീയ ദിനവും പ്രമാണിച്ചുള്ള അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ അതോരിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൺ റിസോഴ്‍സസ് ബുധനാഴ്‍ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് ഡിസംബർ ഒന്ന് ബുധനാഴ്‍ച മുതൽ ഡിസംബർ മൂന്ന് വെള്ളിയാഴ്‍ച വരെ അവധിയായിരിക്കും.
പൊതുമേഖലാ ജീവനക്കാർക്ക് ഡിസംബർ നാല് ശനിയാഴ്‍ച വാരാന്ത്യ അവധി കൂടി ലഭിക്കുന്നതിനാൽ ഫലത്തിൽ നാല് ദിവസത്തെ അവധി ലഭിക്കും. ഡിസംബർ അഞ്ച് ഞായറാഴ്‍ചയായിരിക്കും അവധിക്ക് ശേഷം ഓഫീസുകളുടെ പ്രവർത്തനം പുനഃരാരംഭിക്കുന്നത്. ഇക്കുറി അൻപതാം ദേശീയ ദിനമാണ് യുഎഇ ആഘോഷിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുതന്നെ വിപുലമായ ആഘോഷമാണ് എല്ലാ എമിറേറ്റുകളിലും സംഘടിപ്പിക്കുന്നത്.