കൊച്ചി: ആലുവയില്‍ ഭര്‍തൃപീഡനം മോഫിയ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സ്ഥലം സിഐ സുധീറിനെതിരെ പ്രതിഷേധം കനക്കുന്നു. ആലുവ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം നടക്കുന്ന കോൺഗ്രസും വിദ്യാർത്ഥി സംഘടനകളും സുധീറിൻ്റെ കോലം കത്തിച്ചു. നേതാക്കളുമായി ഡിഐജി നീരജ് കുമാർ ഗുപ്ത കൂടിക്കാഴ്ച നടത്തിയെങ്കിലും സുധീറിനെതിരെ നടപടിയെടുക്കുമെന്ന ഉറപ്പ് നൽകിയിട്ടില്ല. ഉറപ്പ് നൽകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്.
പ്രതിഷേധ സമരത്തിനിടെ ഡിഐജിയുടെ വാഹനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു. ചർച്ചക്കായി സ്റ്റേഷനിലേക്ക് എത്തുന്നതിനിടെയാണ് വാഹനം തടഞ്ഞത്. ഇതിനിടെ സമരക്കാർക്കെതിരെ ജലപീരങ്കി പ്രയോഗിക്കാൻ പോലീസ് തയ്യാറെടുക്കുന്നു എന്ന് അഭ്യൂഹങ്ങൾ പരന്നതിനെ തുടർന്ന് സമരക്കാർ ജലപീരങ്കിക്കുപയോഗിക്കുന്ന വാഹനത്തിനു മുകളിൽ കയറി പ്രതിഷേധിച്ചു.
മോഫിയയുടെ മരണത്തിൽ ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥനെതിരെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് ആലുവ റൂറൽ എസ് പി കെ കാർത്തിക് അറിയിച്ചു. അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം മാത്രം സിഐക്കെതിരെ നടപടിയെന്നും എസ് പി വ്യക്തമാക്കി. ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥൻ സി എൽ സുധീർ ഇപ്പോഴും ആലുവ ഓഫിസറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലുവ സിഐ സി എൽ സുധീറിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തിയിരുന്നു. ഗാർഹിക പീഡന പരാതിയുമായി സമീപിച്ച യുവതിയെ സിഐ അപമാനിച്ചെന്നാണ് പരാതി. രാത്രി മുഴുവൻ സ്റ്റേഷനിൽ ഇരിക്കേണ്ടിവന്നു. സിഐയുടേത് സ്ത്രീവിരുദ്ധ നിലപാടെന്നും പരാതിക്കാരി ആരോപിച്ചു. ‘എടീ’ എന്ന് വിളിച്ചാണ് പോലീസ് ഉദ്യോഗസ്ഥൻ ആക്രോശിച്ചു. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് വനിതാ സെല്ലിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആലുവ സ്വദേശിനിയുടെ ആരോപണം.