ഇന്ത്യ എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചാൽ അതിന് ഉത്തരം കണ്ടെത്താൻ മോദി കാലവും അതിന് മുൻപുള്ള, അതായത് 2014 ന് മുൻപുള്ള കാലവും തമ്മിൽ ഒരു താരതമ്യ പഠനം വേണ്ടി വരും. എങ്കിലും വലിയ പഠനം നടത്താതെയും പറയാം ഇന്ത്യ അത്ര ഗുണകരമായ ഒരു പ്രവണതയോടെ മുന്നോട്ട് അല്ല പോകുന്നത് എന്ന്. മതഭ്രാന്ത്, ജാതിഭ്രാന്ത് മൂത്ത ഒരു കൂട്ടം മനുഷ്യരുടെ ഇടമായി മാറുകയാണ് രാജ്യം.
2018ൽ ദേശീയ മനുഷ്യാവകാശ കമീഷൻ തയാറാക്കിയ, രോഗികളുടെ അവകാശങ്ങൾ സംബന്ധിച്ച മാർഗരേഖ എത്രത്തോളം നടപ്പാകുന്നുവെന്ന് കണ്ടെത്താനായി സന്നദ്ധ സംഘടനയായ ഓക്സ്ഫാം നടത്തിയ സർവേ ഫലങ്ങൾ ഞെട്ടിക്കുന്നതാണ്. മതേതര രാഷ്ട്രമെന്ന് അഭിമാനം കൊള്ളുന്ന, ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഒരു രാജ്യവും കേൾക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സർവേ റിപ്പോർട്ടിൽ ഉള്ളത്. ശാസ്ത്രം ഏറെ മുന്നേറിയ ഇക്കാലത്തും ശാസ്ത്രം പഠിച്ചിറങ്ങിയവർ പോലും മനുഷ്യരോട് വിവേചനപരമായി പെരുമാറുന്നു എന്ന് റിപ്പോർട്ട് പറയുന്നു.
രാജ്യത്തെ ആശുപത്രികളിൽ ഏറ്റവും കൂടുതൽ വിവേചനം നേരിടേണ്ടി വരുന്നത് മുസ്ലിം വിഭാഗത്തിനാണ്. ആശുപത്രികളിൽ എത്തുന്ന മുസ്ലിം രോഗികളിൽ മൂന്നിലൊന്നിനും കടുത്ത വിവേചനം നേരിടേണ്ടി വരുന്നു. അതായത് ഏകദേശം 33 ശതമാനം. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തെ മുസ്ലിങ്ങൾ നേരിടേണ്ടി വരുന്ന വിവേചനത്തിന്റെയും അവഗണനയുടെയും അരക്ഷിതാവസ്ഥയുടെയും മറ്റൊരു മുഖം കൂടിയാണ് ഇത്.
മുസ്ലിംകളെ കൂടാതെ, രാജ്യത്ത് എന്നും അരികുവത്കരിക്കപ്പെട്ട ദളിത് വിഭാഗവും ഈ അവഗണന നേരിടുന്നുണ്ട്. പട്ടികവർഗക്കാരിൽ 22 ശതമാനം, പട്ടികജാതിക്കാരിൽ 21 ശതമാനം, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ 15 ശതമാനം എന്നിങ്ങനെയും വിവേചനം നേരിടുന്നതായി പഠനം പറയുന്നു. അയിത്തവും തൊട്ടുകൂടായ്മയുമെല്ലാം നിരോധിച്ച ഒരു രാജ്യത്ത് തന്നെയാണ് മോഡേൺ മെഡിസിന്റെ കാലത്ത് ഇത്തരം പ്രവണത നിലനിൽക്കുന്നത്. നൂറ്റാണ്ടുകളായി മാറ്റി നിർത്തപ്പെടുന്ന ഒരു ജനതയാണ് ഇത്തരത്തിൽ വീണ്ടും വിവേചനം നേരിടേണ്ടി വരുന്നത്.
28 സംസ്ഥാനങ്ങളിലെയും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 3890 പേരാണ് ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ നടന്ന സർവേയുടെ ഭാഗമായത്. 2018ൽ ദേശീയ മനുഷ്യാവകാശ കമീഷൻ തയാറാക്കിയ രോഗികളുടെ അവകാശങ്ങൾ സംബന്ധിച്ച മാർഗരേഖ നടപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി 2019 ജൂണിൽ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിരുന്നു. ഇത് നടപ്പാക്കുന്നുണ്ടോ എന്നറിയുന്നതിന് വേണ്ടി നടത്തിയ സർവേക്ക് ലഭിച്ചത് പക്ഷേ ഞെട്ടിക്കുന്ന വിവരങ്ങളാണ്.
”തൊട്ടുകൂടായ്മ ഇപ്പോഴും നിലനിൽക്കുന്നു. ദലിതരുടെ കൈതൊട്ട് നാഡിമിടിപ്പ് പരിശോധിക്കാൻ പോലും ചില ഡോക്ടർമാർ വിമുഖത കാട്ടുന്നു. ഇത്തരക്കാർ ആദിവാസികൾ ഉൾപ്പെടെയുള്ളവരോട് രോഗവിവരം കൃത്യമായി പറഞ്ഞുകൊടുക്കാൻ പോലും തയാറാകുന്നില്ല” – സർവേയുടെ ചുമതലയുള്ള അഞ്ജല തനേജ പറയുന്നു. കോവിഡ് രാജ്യത്ത് വ്യാപിക്കാൻ തുടങ്ങിയ ആദ്യകാലത്ത് തബ്ലീഗ് ജമാഅത്ത് പ്രവർത്തകർ ഡൽഹിയിൽ നടത്തിയ സമ്മേളനത്തിെന്റെ പേരിൽ ഇവർ ഏറെ ക്രൂശിക്കപ്പെട്ടു. അന്ന് അപകീർത്തിപ്പെടുത്തിയത് തെറ്റായെന്ന് പിന്നീട് തെളിഞ്ഞു -അവർ കൂട്ടിച്ചേർത്തു.
സമൂഹത്തിൽ നിലവിലുള്ള പല മുൻവിധികളും ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്നവർ രോഗികളുമായി ഇടപഴകുമ്പോൾ പ്രകടിപ്പിക്കുന്നതായാണ് സർവേ പറയുന്നത്. എന്നാൽ ഇത് ഉണ്ടാക്കുന്ന ഫലം ചെറുതല്ല. തൊടാതെയും രോഗവിവരങ്ങൾ കൃത്യമായി ചോദിക്കാതെയും നൽകുന്ന ചികിത്സ ഏറെ അപകടങ്ങൾ വിളിച്ചുവരുത്തും. ആരോഗ്യ പ്രവർത്തകരിൽ നിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങൾ ചിലപ്പോൾ ജീവൻ തന്നെ നഷ്ടമാകാൻ കാരണമായേക്കും.
മതപരവും ജാതിപരവുമായ ഇത്തരം ‘തൊട്ടുകൂടായ്മയ്ക്ക്’ പുറമെ, 2018ൽ ദേശീയ മനുഷ്യാവകാശ കമീഷൻ തയാറാക്കിയ രോഗികളുടെ അവകാശങ്ങൾ സംബന്ധിച്ച മാർഗരേഖയുടെ നഗ്നമായ മറ്റു ലംഘനങ്ങളും നടക്കുന്നതായും സർവേയിൽ കണ്ടെത്തി. രാജ്യത്തെ 35 ശതമാനം സ്ത്രീകളേയു മറ്റൊരു സ്ത്രീ സാന്നിധ്യമില്ലാതെ പുരുഷ ഡോക്ടർമാർ ശാരീരിക പരിശോധനക്ക് വിധേയരാക്കുന്നു എന്നാണ് സർവേയിലെ മറ്റൊരു കണ്ടെത്തൽ. പരിശോധന മുറിയിൽ മറ്റൊരു വനിത ഉണ്ടായിരിക്കണമെന്നാണ് മാർഗരേഖ അനുശാസിക്കുന്നത്. ഇതിനെ അട്ടിമറിക്കുന്നതാണ് സർവേ ഫലം.
അസുഖത്തെ കുറിച്ച് കൃത്യമായി കേൾക്കാതെയാണ് മരുന്നും പരിശോധന നിർദേശങ്ങളും എഴുതുന്നതെന്ന് സർവേയിൽ പങ്കെടുത്ത 74 ശതമാനം പേരും പറയുന്നു. മുറിവൈദ്യൻ ആളെകൊല്ലും എന്ന പഴഞ്ചൊല്ലിന്റെ മറ്റൊരു പതിപ്പാണ് ഇത്. രോഗമറിയാതെ ചികിത്സ ചെയ്യുന്നത് ആളെകൊല്ലും. രോഗകാരണങ്ങൾക്ക് അപ്പുറത്തേക്ക് രോഗത്തിന് നൽകേണ്ട ചികിത്സ ഇത്തരം ക്ഷമയില്ലായ്മ കാരണം ഇല്ലാതാകും.
മനുഷ്യാവകാശ കമീഷന്റെ മാർഗരേഖ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംവിധാനമൊരുക്കണമെന്ന് സർവേ നിർദേശിക്കുന്നു. പരാതി പരിഹാര സംവിധാനം വേണം. നിലവിൽ പരാതികളുമായി പൊലീസിനെയും കോടതിയെയുമാണ് സമീപിക്കുന്നത്. ഇത് ഏറെ സമയവും പണവും ചെലവുമുള്ള കാര്യമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.