ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ (Mullaperiyar Dam ) ആളിയാർ (Aliyar dam), ഇടുക്കിയിലെ നെടുംകണ്ടം കല്ലാർ ഡാം (Idukki Kallar Dam) എന്നിവയുടെ ഷട്ടറുകൾ തുറന്നു. മുല്ലപ്പെരിയാറിലെ 7 സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. മുല്ലപ്പെരിയാറിൽ ഏഴ് ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. ഇതിൽ 3 ഷട്ടറുകൾ 60 സെന്‍റീ മീറ്ററും നാലു ഷട്ടർ 30 സെന്‍റീ മീറ്ററുമാണ് തുറന്നിരിക്കുന്നത്. മൊത്തം 3949 ഘനയടി വെള്ളമാണ് ഇവിടെ നിന്ന് തുറന്നു വിടുന്നത്. രാവിലെ സ്പിൽവേയിലെ ഒരു ഷട്ടർ തുറന്നിരുന്നു.
വൈകിട്ട് ആദ്യം നാല് ഷട്ടറുകളും പിന്നീട് രണ്ട് ഷട്ടറുകളും കൂടി തുറന്നക്കുകയായിരുന്നു. കൂടുതൽ ഷട്ടറുകൾ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നു. തീരത്തുള്ളവർക്ക് ജില്ലാ കളക്ടർ ജാഗ്രത നിർദേശം നൽകി.വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിന് ഒപ്പം തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 141.60 അടിയായി ഉയർന്നിട്ടുണ്ട്.