തിരുവനന്തപുരം: ദത്ത് നടപടികളിൽ അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രപ്രദേശിലെ ദമ്പതികള്‍ക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാനായി മുന്‍ഗണന നല്‍കണമെന്ന് സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി (കാര)യോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ദമ്പതികള്‍ക്ക് ഇനി ദത്തെടുക്കാനുള്ള ശ്രമത്തില്‍ മുന്‍ഗണ നഷ്ടപ്പെട്ടേക്കാം. ചിലപ്പോള്‍ ഇനി ഒരു അവസരം ലഭിക്കാതെയും വന്നേക്കാം. ആ സാഹചര്യം ഒഴിവാക്കുന്നതിന് സംസ്ഥാനം തന്നെ ഇടപെട്ട് കാരയോട് ആവശ്യപ്പട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആന്ധ്രയിലെ ദമ്പതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കേന്ദ്ര ഏജന്‍സിയോട് അവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അവരുടെ മുന്‍ഗണ നഷ്ടപ്പെടുത്തരുത്. മറ്റൊരു കുഞ്ഞിനെ ദത്തെടുക്കുന്നതിന് വേണ്ടിയുള്ള ലിസ്റ്റില്‍ അവരെ ഉള്‍പ്പെടുത്തുകയും ഈ കുഞ്ഞിനെ ദത്തെടുക്കാന്‍ വന്നപ്പോഴുള്ള അതേ മുന്‍ഗണന അവര്‍ക്ക് കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ നിയമം അനുസരിച്ച് എവിടെനിന്ന് വേണമെങ്കിലും അവര്‍ക്ക് കുഞ്ഞിനെ ദത്തെടുക്കാം. തങ്ങള്‍ക്കിണങ്ങുന്ന, തങ്ങളുടെ കുടുംബവുമായി ഇണങ്ങുമെന്നു തോന്നുന്ന കുഞ്ഞിനെ എവിടെ നിന്ന് വേണമെങ്കിലും ദത്തെടുക്കാം. പക്ഷേ അവരുടെ അവസരം നഷ്ടമാകരുത്. കാരണം മാനുഷികമായ പരിഗണന അവര്‍ക്ക് നല്‍കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ അവിടെനിന്ന് കൊണ്ടുവരുമ്പോള്‍ തന്നെ സംസ്ഥാനം നടപടികള്‍ എടുത്തിരുന്നു.
സര്‍ക്കാര്‍ തലത്തില്‍ ദമ്പതികളുമായി സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അവര്‍ താമസിക്കുന്ന ജില്ലയിലെ കലക്ടറുമായും അവിടുത്തെ സിഡബ്ല്യുസി അധികൃതരുമായും കേരളത്തിലെ സിഡബ്ല്യുസിയാണ് ബന്ധപ്പെട്ടത്. കുടുംബവുമായി ഇടക്ക് ഒരാള്‍ സംസാരിച്ചിരുന്നു. മാതൃഭാഷ മാത്രം അറിയുന്ന അവരുമായി ദ്വിഭാഷിയെ ഉപയോഗിച്ചാണ് സംസാരിച്ചത്. സര്‍ക്കാര്‍ നേരിട്ട് സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പരിശോധനാഫലം കോടതിയെ അറിയിക്കും. വകുപ്പുതല അന്വേഷണം പൂര്‍ത്തിയായിയെന്നും റിപ്പോര്ട്ടിന്മേല് തുടര്‍നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.