തിരുവനന്തപുരം: കണിയാപുരത്ത് ബൈക്കില്‍ പോയ യുവാവിനെ തടഞ്ഞ് നിര്‍ത്തി ക്രൂരമായി മർദിച്ച കേസില്‍ പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി തിരുവനന്തപുരം മംഗലം പോലീസ്. കണിയാപുരത്തെ യുവാവിനെ മര്‍ദിച്ച കേസിലാണ് പ്രതി ഫൈസല്‍ അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ അനസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
സംഭവത്തിൽ പ്രതിയെ സഹായിച്ച് പൊലീസ്. മര്‍ദനമേറ്റ അനസിന്റെ മൊഴി പോലും രേഖപ്പെടുത്താതെ പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. ക്രൂരമായി മർദിച്ചിട്ടും ഗൗരവമുള്ള വകുപ്പുകൾ ചുമത്തിയില്ലെന്ന് ആക്ഷേപം.
അനസിന് ക്രൂരമായ മര്‍ദനമാണ് ഇയാളില്‍ നിന്നുണ്ടായത്. അനസിന് മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബോധരഹിതനായി വീണിട്ടും പ്രതി അനസിനെ ക്രൂരമായി മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഈ പ്രതിയെയാണ് കൊലപതാകശ്രമത്തിനുള്ള വകുപ്പ് ചേര്‍ക്കുകയോ മൊഴിയെടുക്കുകയോ ചെയ്യാതെ പോലീസ് പറഞ്ഞുവിട്ടത്.
പരാതി നൽകിയിട്ടും ആദ്യം പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും മർദ്ദനമേറ്റ അനസ് പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ മംഗലപുരം പൊലീസ് തയാറായില്ല. കഴക്കൂട്ടം കേന്ദ്രീകരിച്ച് രണ്ടാഴ്ചക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ഗുണ്ടാ വിളയാട്ടമാണിത്.
നിരവധി കേസുകളിൽ പ്രതിയായ കണിയാപുരം മസ്താൻ മുക്ക് സ്വദേശി ഫൈസലും സംഘവുമാണ് മർദ്ദിച്ചത്. അനസും സുഹൃത്തും കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോകുമ്പോൾ ഫൈസലും സംഘവും തടഞ്ഞ് നിർത്തിയെന്നാണ് അനസ് പറയുന്നത്. ബൈക്കിന്‍റെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചത് തടഞ്ഞതോടെയാണ് മർദ്ദനമെന്നാണ് പരാതി.
സംഭവത്തിന് പിന്നാലെ പരാതി കൊടുക്കാനെത്തിയെങ്കിലും മംഗലപുരം സ്റ്റേഷനിൽ നിന്നും കണിയാപുരം സ്റ്റേഷനിൽ നിന്നും തിരിച്ചയച്ചെന്നാണ് അനസ് പറയുന്നത്. ഒടുവിൽ മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ അടക്കം വാർത്ത വന്നതോടെയാണ് പൊലീസ് കേസെടുത്തത്.