തിരുവനന്തപുരം: ഡിഎന്‍എ ഫലം പോസിറ്റീവായതിന് പിന്നാലെ ശിശുഭവനിലെത്തി അനുപമയും (anupama) അജിത്തും കുഞ്ഞിനെ കണ്ടു. സിഡബ്ല്യുസില്‍ നിന്ന് അനുമതി ലഭിച്ചതിനേ തുടര്‍ന്നാണ് കുന്നുകുഴിയിലുള്ള നിര്‍മല ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടത്. സമരപ്പന്തലില്‍ നിന്നാണ് കുഞ്ഞിനെ സംരക്ഷിക്കുന്ന ശിശുഭവനിലേക്ക് അനുപമയും അജിത്തും പോയത്.
കുഞ്ഞിനെ കണ്ടതിൽ സന്തോഷമെന്ന് അനുപമ പറഞ്ഞു. കണ്ടിട്ട് വിട്ടുപോന്നതില്‍ വിഷമമുണ്ട്. കുഞ്ഞ് സുഖമായി ഇരിക്കുന്നുവെന്നും കോടതി നടപടികള്‍ വേഗത്തിലാക്കാന്‍ അഭ്യര്‍ഥിക്കുമെന്ന് സിഡബ്യുസിയില്‍ നിന്ന് അറിയിച്ചിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചു.
പ്രസവിച്ച് മൂന്നു ദിവസത്തിനു ശേഷം തന്നില്‍നിന്ന് അകറ്റപ്പെട്ട കുഞ്ഞിനെയാണ് ഒരു വര്‍ഷത്തിനു ശേഷം അനുപമ കണ്ടത്. കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് ഉറപ്പിക്കുന്നതിന് നടത്തിയ ഡിഎന്‍എ പരിശോധനാഫലം പോസിറ്റീവ് ആയതോടെയാണ് അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി ലഭിച്ചത്.
അതേസമയം, അനുപമയ്ക്കൊപ്പമായിരുന്നു സർക്കാറെന്നും വകുപ്പ് തല അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.