തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം. സർക്കാർ ശിപാർശ ഗവർണർ അംഗീകരിച്ചു. ഇന്ന് മുതൽ നാല് വർഷത്തേക്കാണ് കാലാവധി നീട്ടിനൽകിയിരിക്കുന്നത്.സംസ്ഥാനത്ത് ആദ്യമായിട്ടാണ് വി സിക്ക് പുനർ നിയമനം ലഭിക്കുന്നത്.
പുതിയ വിസിയെ കണ്ടെത്താൻ സർക്കാർ സെർച്ച് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റിയെ പിരിച്ചുവിട്ടുകൊണ്ടാണ് ഗോപിനാഥ് രവീന്ദ്രനെ തൽസ്ഥാനത്ത് വീണ്ടും നിയമിച്ചിരിക്കുന്നത്. ഗോപിനാഥ് രവീന്ദ്രൻ ആരോപണം നേരിടുന്ന നിയമന വിവാദം കത്തി നിൽക്കവേയാണ് നടപടി.
2017 നവംബറിലാണ് ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ ചരിത്രവിഭാഗം പ്രഫസറായിരുന്ന ഗോപിനാഥ് രവീന്ദ്രൻ കണ്ണൂർ വിസിയായി ചുമതലയേറ്റത്. ഡൽഹി സെന്റ്. സ്റ്റീഫൻസിലും ജെഎൻയുവിലുമായിരുന്നു പഠനം.