തിരുവനന്തപുരം; സമയ ബന്ധിതമായി സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രികളില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആ ആശുപത്രികളിലും ഇ ഹെല്‍ത്ത് നടപ്പിലാക്കുന്നതാണ്. വിവര, വിനിമയ സാങ്കേതികവിദ്യ ആരോഗ്യ മേഖലയില്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇ ഹെല്‍ത്ത് പദ്ധതി ആശുപത്രികളില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. 150 സ്ഥാപനങ്ങളില്‍ അഞ്ചു മാസത്തിനുള്ളില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനമുള്ള കാര്യമാണ്. ഈ സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ ടോക്കണ്‍ സമ്പ്രദായം ലഭ്യമാണ്.
അഞ്ചു വര്‍ഷം കൊണ്ട് ജീവിതശൈലീ രോഗങ്ങള്‍ വലിയ രീതിയില്‍ കുറച്ച് കൊണ്ടുവരാനുള്ള പ്രയത്‌നത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. വ്യക്തികളുടെ ആരോഗ്യ ചികിത്സാ ഡേറ്റ വളരെ പ്രധാനപ്പെട്ടതാണ്. ഡേറ്റ ശേഖരണത്തില്‍ ഇ ഹെല്‍ത്ത് വളരെ വലിയ പങ്കാണ് വഹിക്കുന്നത്. നിപ വൈറസ് സമയത്ത് ഫീല്‍ഡ്തല സര്‍വയലന്‍സിന് ഇ ഹെല്‍ത്തിന്റെ സോഫ്റ്റ്‌വെയര്‍ വലിയ സഹായമായിരുന്നു. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ വളരെ പെട്ടന്നാണ് ഇ ഹെല്‍ത്ത് തയാറാക്കിയത്. കോവിഡ് ഡാഷ് ബോര്‍ഡും ഇ ഹെല്‍ത്താണ് വികസിപ്പിച്ചത്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഒരു ഡാഷ് ബോര്‍ഡ് ലഭ്യമാക്കാനാണ് അടുത്തതായി ഇ ഹെല്‍ത്ത് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.