തിരുവനന്തപുരം: എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ്‌കുമാറിന് വഴങ്ങാതെ എല്‍ജെഡിയിലെ വിമത വിഭാഗം. മറുവിഭാഗം നല്‍കിയ നോട്ടിസിന് മറുപടി നല്‍കില്ലെന്ന് വിമത നേതാക്കള്‍ വ്യക്തമാക്കി. ഷേഖ് പി ഹാരിസും വി സുരേന്ദ്രന്‍ പിള്ളയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി വിമതവിഭാഗം പ്രതികരിച്ചു.
ഷേഖ് പി ഹാരിസിൻ്റെ നേതൃത്വത്തില്‍ ആരംഭിച്ച നീക്കങ്ങളടക്കം ലംഘനമാണെന്നാണ് എല്‍ജെഡി പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിൻ്റെ നിലപാട്. എന്നാല്‍ യഥാര്‍ത്ഥ എല്‍ജെഡി തങ്ങളാണെന്നും അത് അംഗീകരിക്കണമെന്നുമാണ് സുരേന്ദ്രന്‍ പിള്ള വിഭാഗം പറയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തുടങ്ങിയ തര്‍ക്കമാണ് എല്‍ജെഡിയെ ഇപ്പോള്‍ പിളര്‍പ്പിലേക്ക് എത്തിച്ചിരിക്കുന്നത്. അധികാരക്കൊതിയാണ് വിമത നീക്കത്തിന് പിന്നില്‍ എന്ന് ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കുകയാണ് വിമത നേതാക്കളും.
ശ്രേയാംസ് കുമാര്‍ ഉടന്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നാണ് വിമത നേതാക്കളുടെ നിലപാട്. 26, 27, 29 തീയതികളില്‍ മേഖല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും നേതാക്കള്‍ മുന്നറയിപ്പ് നല്‍കി. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ സംസ്ഥാന പ്രസിഡന്റ് തയ്യാറാകുന്നില്ലെന്ന ആരോപണമാണ് വിമത വിഭാഗം ഉയര്‍ത്തുന്നത്.