അബുദാബി: അറേബ്യൻ ഗൾഫിന്റെ അതിമനോഹരമായ കാഴ്ചകളുടെയും ലോകോത്തര ഡൈനിങ്, ഷോപ്പിങ് അനുഭവങ്ങളുടെയും പുതുമ സമ്മാനിക്കുന്ന യാസ് ബേ വാട്ടർഫ്രണ്ട് ഡിസംബർ ഒന്നിനു തുറക്കും.
വിനോദത്തിനും വ്യവസായങ്ങൾക്കുമുള്ള ആഗോള ഒത്തുചേരൽ കേന്ദ്രമായി മാറുന്നമെന്നതാണ് യാസ് ബേ വാട്ടർഫ്രണ്ടിനെ വ്യത്യസ്തമാക്കുന്നത്. യാസ് ഐലൻഡിലൊരുക്കിയ യാസ് ബേ കാണാൻ എത്തുന്നവർക്കു ദിവസേന രാത്രി 9ന് വെടിക്കെട്ടും കലാപരിപാടികളും ആസ്വദിക്കാം. മൂന്ന് കിലോമീറ്റർ ബോർഡ് വാക്ക്, വിനോദം, ലോക പ്രശസ്ത റസ്റ്റന്റുകൾ, കലാസൃഷ്ടികൾ എന്നിവയുടെ സാന്നിധ്യം എല്ലാ രാജ്യക്കാരെയും ആകർഷിക്കും. ഹിൽട്ടൺ അബുദാബി യാസ് ഐലൻഡ് ഹോട്ടൽ, ഇത്തിഹാദ് തുടങ്ങി വിവിധ കമ്പനികൾ യാസ് ബേയിലേക്കു ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യാസ് ബേ വാട്ടർഫ്രണ്ട് തുറക്കുന്നത് യാസ് ദ്വീപിന്റെ മറ്റൊരു അഭിമാനകരമായ നാഴികക്കല്ലാണെന്ന് നിർമാതാക്കളായ മിറൽ ചീഫ് പോർട്ട്‌ഫോളിയോ ഓഫിസർ ഗുർജിത് സിങ് പറഞ്ഞു.
ബീച്ച് ക്ലബ്, കഫേ ഡെൽ മാർ, മെഡിറ്ററേനിയൻ റെസ്റ്റ്ററന്റ് നിക്കോൾ റൂബി, ജാപ്പനീസ് തെരുവ് റസ്റ്ററന്റ് അകിബ ഡോറി, സീറ, ബുഷ്‌റ, സിദ്ധാർത്ഥ ലോഞ്ച്, ഹണ്ടർ ആൻഡ് ബാരൽ, ദി ലൈറ്റ്ഹൗസ്, ലാ കാർണിറ്റ, ഡൈകാൻ ഇസകായ, ലോക്ക് സ്റ്റോക്ക് ആൻഡ് ബാരൽ, എമ്മി സ്‌ക്വയേർഡ്, ഡ്രോപ്പ് കഫേ തുടങ്ങി ഒട്ടേറെ പ്രമുഖ കമ്പനികളുടെ സാന്നിധ്യമുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിജെ നൈറ്റ്, പരേഡ്, സംഗീത കച്ചേരി തുടങ്ങിയ വിവിധ കലാപരിപാടികൾ നടക്കും. യുഎഇയുടെ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രത്യേക പരിപാടികളും ഉണ്ടായിരിക്കും. 400 കോടി ദിർഹം ചെലവിലാണ് യാസ് ബേ വാട്ടർഫ്രണ്ട് ഒരുക്കിയത്. ഇതോടനുബന്ധിച്ച് താമസ, ബിസിനസ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.