‘ജോസഫ്’ എന്ന ചിത്രത്തിന് ശേഷം എം പത്മകുമാർ (M Padmakumar) ഇന്ദ്രജിത്തിനും സുരാജ് വെഞ്ഞാറമൂടിനെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്നതാണ് ‘പത്താം വളവ്’ (Pathaam Valavu). അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ ആയിട്ടാണ് ‘പത്താം വളവ്’ എത്തുക. പത്താം വളവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.
വർഷങ്ങൾക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ‘പത്താം വളവി’ന്റെ തിരക്കഥ. അതിഥി രവിയും സ്വാസിക യുമാണ് നായികമാർ. രതീഷ് റാം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അജ്‍മൽ അമീർ സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,നന്ദൻ ഉണ്ണി, ജയകൃഷ്‍ണൻ,ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവർ അഭിനയിക്കുന്നു.
യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നു നിർമിക്കുന്നു. ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ( എംഎംസ്) ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താംവളവിനുണ്ട്. റുസ്‍തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെ കൂടി പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എംഎംസ്. പ്രൊജക്റ്റ് ഡിസൈൻ നോബിൾ ജേക്കബ്.
‘പത്താം വളവ്’ എന്ന ചിത്രത്തിൽ അവസാനഘട്ട ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു. കോസ്റ്റ്യൂം ഡിസൈനർ ഐഷ ഷഫീർ. ജോസഫിനു ശേഷം രഞ്‍ജിൻ രാജ് ഒരിക്കൽ കൂടി പത്‍മകുമാർ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു. പിആർഒ ആതിര ദിൽജിത്ത്.