ബെർലിൻ: കോവിഡ് നാലാംതരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽജർമനിക്കാരിൽ അധികം പേരും ഒന്നുകിൽ വാക്‌സിനേഷൻ സ്വീകരിച്ച് സുഖപ്പെടും അല്ലെങ്കിൽ മരണത്തിന് കീഴടങ്ങുമെന്ന് ജർമൻ ആരോഗ്യമന്ത്രാലയം.കൂടുതൽ ആളുകൾ വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും കുത്തിവെയ്‌പ്പെടുക്കണമെന്നും ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ ആവശ്യപ്പെട്ടു.
ശൈത്യകാലം അവസാനിക്കുന്നതോടെ ഭൂരിഭാഗം ജർമ്മൻ നിവാസികളും കുത്തിവയ്പ്പെടുക്കുമെന്നാണ് പ്രതീക്ഷ. അത് സംഭവിച്ചില്ലെങ്കിൽ ഭൂരിഭാഗം ആളുകളും മരിക്കും. അത്ര ഭീകരമാണ് വൈറസിന്റെ ഡെൽറ്റ വകഭേദം. ജെൻസ് പറഞ്ഞു. വാക്സിൻ എല്ലാ പൗരൻമാർക്കും സൗജന്യമായിരുന്നിട്ടും രാജ്യത്തെ 68 ശതമാനം ആളുകൾ മാത്രമാണ് ഇതുവരെ ഇരു ഡോസുകളും സ്വീകരിച്ചത്.
അതേ സമയം രണ്ട് ഡോസുകളും സ്വീകരിച്ച ജനങ്ങൾ ബൂസ്റ്റർ ഡോസ് എടുക്കാൻ തയ്യാറാകണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്.കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊവിഡ് നാലാംതരംഗം രാജ്യത്ത് ശമനമില്ലാതെ തുടരുകയാണ്. ആശുപത്രികളിൽ ഐസിയു കിടക്കകൾ നിറഞ്ഞു കവിഞ്ഞു. തിങ്കളാഴ്ച മാത്രം 30,643 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് 5.3 ദശലക്ഷത്തിലധികം പേർ രോഗബാധിതരായി