പെരുമ്പാവൂർ : നാളികേരത്തിൻറെ വിവിധങ്ങളായ മൂല്യവർദ്ധിത ഉൽപന്നങ്ങൾ വിപണിയിൽ എത്തിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കണമെന്നു കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. വെങ്ങോല ഗ്രാമപഞ്ചായത്തിന് അനുവദിച്ച കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരഗ്രാമം പദ്ധതിയുടെ മൂന്ന് വർഷ കാലാവധി കഴിഞ്ഞാലും കർഷകന് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് ഒരു തുടർച്ച ഉണ്ടാകണം. അതിന് LSGD പദ്ധതികൾ ഉപയോഗപ്പെടുത്തണം. വെങ്ങോലയുടെ സ്വന്തം ബ്രാൻഡിൽ വെളിച്ചെണ്ണ വിപണിയിൽ എത്തിക്കുവാൻ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
വെങ്ങോല ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിക്കായി മുക്കാൽ കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. കേരകൃഷിയുടെ വിസ്തൃതിയും ഉത്പാദനവും വർദ്ധിപ്പിച്ച് വെങ്ങോല പഞ്ചായത്തിന് കേര കൃഷിയിലുണ്ടായിരുന്ന പഴയ പ്രതാപം തിരിച്ചുകൊണ്ടുവരുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. കർഷകർക്ക് തെങ്ങ് കയറ്റയന്ത്രവും ജൈവ വളക്കിറ്റും ചടങ്ങിൽ വിതരണം ചെയ്തു. മുതിർന്ന കർഷകരായ കുമാരൻ ഇളയിടം, നബീസ മുഹമ്മദ് കൊച്ചുപുരക്കൽ എന്നിവരെ ആദരിച്ചു.പഞ്ചായത്തിലെ രാജു തുണ്ടത്തിൽ എന്ന കർഷകന്റെ പുരയിടത്തിൽ മന്ത്രി പദ്ധതി യുടെ ഭാഗമായി ഒരു തെങ്ങിൻ തൈ നട്ടു.
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു, ചാലക്കുടി എം പി ബെന്നി ബഹനാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, വഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അൻവർ അലി, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് എൻ. ബി, വൈസ് പ്രസിഡണ്ട് ഷംല നാസർ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീല പോൾ, പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ജോർജ് സെബാസ്റ്റ്യൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ തോമസ് സാമുവൽ, അനിതാ ജെയിംസ്, കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഫാൻസി പരമേശ്വരൻ കൃഷി ഓഫീസർ നിജാ മോൾ എന്നിവർ പങ്കെടുത്തു