തിരുവനന്തപുരം: ശിശുക്ഷേമ സമിതിക്കെതിരായ പ്രചാരണങ്ങൾ അവാസ്തവമെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ. സമിതിക്ക് ദത്ത് നൽകാൻ ലൈസൻസില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്നും നിലവിലെ രജിസ്ട്രേഷന് അടുത്ത വർഷം ഡിസംബർ വരെ കാലാവധിയുണ്ടെന്നും ഷിജുഖാൻ പറഞ്ഞു. (Child Welfare adoption licensed)
ദത്തെടുക്കൽ രംഗത്തെ കേന്ദ്ര, സംസ്ഥാന നിയമങ്ങൾ സമിതി പാലിക്കുന്നുണ്ടെന്നും ഷിജു ഖാൻ പറഞ്ഞു.
അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നല്കിയ വിഷയത്തില്‍ ശിശുക്ഷേമ സമിതിക്കെതിരേ കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോടതി ആവശ്യപ്പെട്ടിട്ടും ദത്ത് ലൈസന്‍സ് ശിശുക്ഷേമ സമിതി ഹാജരാക്കിയിരുന്നില്ല. സമിതിക്കു സ്റ്റേറ്റ് അഡോപ്ഷന്‍ റഗുലേറ്ററി അതോറിറ്റി നല്കിയ അഫിലിയേഷന് ലൈസന്‍സ് 2016ല്‍ അവസാനിച്ചിരുന്നു. ഇതിന്റെ പുതുക്കിയ യഥാര്‍ഥ രേഖ സത്യവാങ്മൂലത്തോടൊപ്പം ഹാജരാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. വിഷയത്തില്‍ ഒറിജിനല്‍ ലൈസന്‍സ് ഹാജരാക്കണമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
എന്നാൽ ലൈസൻസ് നീട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. അന്വേഷണം അവസാനഘട്ടത്തിലാണ്. അന്വേഷണം പൂർത്തിയാക്കാൻ 30 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടിരുന്നു.
ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സില്ലെന്ന് അനുപമയും പറഞ്ഞിരുന്നു. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനം ദത്ത് കൊടുക്കുന്നതിനെ ദത്തെന്ന് പറയാന്‍ കഴിയില്ല. കുട്ടിക്കടത്തെന്നേ അതിനെ പറയാന്‍ കഴിയൂ. ലൈസന്‍സില്ല എന്ന കാരണത്താല്‍ തന്നെ ഷിജു ഖാനെതിരെ നടപടി എടുത്തുകൂടേ ?. മുഖ്യമന്ത്രിക്ക് കത്തയച്ചാലെങ്കിലും ഷിജു ഖാനെതിരേ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അനുപമ പറഞ്ഞു. ഇതിനു പിന്നാലെയാണ് ഷിജു ഖാന്റെ വിശദീകരണം.
പേരൂർക്കട ദത്തുവിവാദത്തിൽ ഡിഎൻഎ പരിശോധനയ്ക്കായി കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിൻ്റെയും സാമ്പിൾ ശേഖരിച്ചു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലാണ് സാമ്പിൾ പരിശോധിക്കുന്നത്.