റിയാദ്: യെമനിലെ പോരാട്ടം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗദി അറേബ്യക്ക് മറുപടി നല്കി ഹൂത്തികള്‍. സൗദിയിലെ വിവിധ നഗരങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഹൂത്തികള്‍ വ്യക്തമാക്കി.
എന്നാല്‍ സൗദി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹൂത്തികള്‍ക്കെതിരെ അറബ് സഖ്യം നടത്തിയ വ്യാപക ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഹൂത്തികള്‍ തിരിച്ചടിച്ചത്.സൗറി അരാംകോ കേന്ദ്രങ്ങള്‍ക്കെതിരെ അടക്കം തിരിച്ചടിച്ചുവെന്നാണ് ഹൂത്തികള്‍ അവകാശപ്പെടുന്നത്. അതേസമയം യെമനിലെ പോരാട്ടം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് സൗദി.
14 ഡ്രോണുകള്‍ ചേര്‍ന്നാണ് സൗദിയിലെ വിവിധ നഗരങ്ങളില്‍ ആക്രമണം നടത്തിയത്. ജിദ്ദയിലെ അരാംകോ റിഫൈനറികളിലും ആക്രമണം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. യെമനില്‍ സൈനിക ഓപ്പറേഷന്റെ ഭാഗമായി സൗദി നടത്തിയ ആക്രമണമാണ് ഹൂത്തികളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. ഹൂത്തി സൈനിക വക്താവ് യഹ്യ സാരീ ടിവിയില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയാണ് ഇക്കാര്യം അറിയിച്ചത്. അരാംകോ റിഫൈനറികള്‍ക്ക് പുറമേ റിയാദ്, ജിദ്ദ, അഭ, ജിസാന്‍, നജ്രാന്‍ തുടങ്ങിയ നഗരങ്ങളെയും ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് യഹ്യ പറഞ്ഞു.
യെമനില്‍ സൗദിയും അറബ് സഖ്യവും നടത്തുന്ന കുറ്റകൃത്യങ്ങളുടെയും ഭീകരവാദ പ്രവര്‍ത്തനത്തിന്റെയും മറുപടിയാണ് ഈ ആക്രമണങ്ങളെന്ന് യഹ്യ സാരീ പറഞ്ഞു. എന്നാല്‍ അവകാശവാദങ്ങളില്‍ പിഴവുകളും ഉണ്ട്. ജിദ്ദ വിമാനത്താവളത്തിന്റെ തെറ്റായ സ്ഥലമാണ് യഹ്യ പരാമര്‍ശിച്ചത്. സൗദിയോ അറബ് സഖ്യമോ ഡ്രോണ്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ചിട്ടില്ല. യെമനില്‍ സൗദി നടത്തിയ ആക്രമണത്തില്‍ ആയുധങ്ങളുടെ ഡിപ്പോ, എയര്‍ ഡിഫന്‍സ് സിസ്റ്റം, ഡ്രോണ്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം എന്നിവ തകര്‍ത്തെന്ന് സഖ്യം അവകാശപ്പെട്ടു. തലസ്ഥാന നഗരിയായ സനായിലും ഷാദ, മാരിബ് പ്രവിശ്യകളിലുമാണ് ആക്രമണം നടത്തിയത്.
അതേസമയം ഹൂത്തികള്‍ ഇടയ്ക്കിടെ സൗദി മേഖലകളില്‍ റോക്കറ്റ്-ഡ്രോണ്‍ ആക്രമണം നടത്തിയതായി അവകാശപ്പെടാറുണ്ട്. സൗദിക്ക് യെമനിലെ പോരാട്ടത്തില്‍ തുടരാന്‍ വലിയ താല്പര്യമില്ല. പകരം സ്വന്തം അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനാണ് സൗദി താല്പര്യപ്പെടുന്നത്. തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നുവെന്ന് ഹൂത്തികള്‍ അവകാശപ്പെടുന്നത് സൗദിയെ ആശങ്കപ്പെടുത്തുന്നുണ്ട്.ജനവാസ മേഖലയില്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നതും, സൗദിയുടെ വികസന കേന്ദ്രങ്ങളെ തകര്‍ക്കുന്നതും അവരെ ചൊടിപ്പിച്ചിട്ടുണ്ട്. നോക്കിയിരിക്കില്ലെന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ ആക്രമണങ്ങളും ഹൂത്തികള്‍ക്കെതിരെ വന്നേക്കാം. അതേസമയം ലോകത്തെ തന്നെ ഏറ്റവും രൂക്ഷമായ മാനുഷിക പ്രതിസന്ധിയാണ് യെമന്‍ നേരിടുന്നത്. 2014 മുതല്‍ അക്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്.