പാരിസ്: യൂറോപ്പിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.അടുത്ത വർഷം മാർച്ച് ആകുമ്പോഴേയ്ക്കും യൂറോപ്പിൽ 500,000ത്തിലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചേക്കാമെന്ന് ഡബ്ലിയു.എച്ച്.ഒ ഡയറക്ടർ ഡോ.ഹാൻസ് ക്ലൂജ് പറഞ്ഞു. മഞ്ഞുകാലം, വാക്സിനേഷന്റെ അഭാവം, ഡെൽറ്റ വകഭേദം എന്നിവയാണ് കൊവിഡ് വീണ്ടും പടരാനുള്ള കാരണമായി ഹാൻസ് ചൂണ്ടിക്കാട്ടിയത്. എല്ലാവരും കൃത്യമായി വാക്സിൻ എടുക്കണമെന്നും കൊവിഡിനെ തടയാനുള്ള മികച്ച മാർഗ്ഗമാണതെന്നും അദ്ദേഹം പറഞ്ഞു.
നെതർലാൻഡ്സ്, ജർമ്മനി, ചെക്ക് റിപ്പബ്ലിക്ക്, ആസ്ട്രിയ അടക്കം മിക്ക യൂറോപ്യൻ രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നിയന്ത്രണങ്ങൾക്കെതിരെ യൂറോപ്പിൽ പ്രതിഷേധവും ശക്തമാകുന്നുണ്ട്. നെതർലൻഡ്സിൽ രൂക്ഷ പ്രതിഷേധമാണ് നടക്കുന്നത്. പൊലീസ് വെടിവയ്പിൽ കഴിഞ്ഞ ദിവസം ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. 51 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ ഭൂരിഭാഗവും 15 - 18 പ്രായക്കാരാണ്. ഹാഗിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രൊയേഷ്യ, ഇറ്റലി, ആസ്ട്രിയ,സ്പെയിൻ എന്നിവിടങ്ങളിലും ജനങ്ങൾ വ്യാപകമായി പ്രതിഷേധിക്കുന്നുണ്ട്.