ന്യൂഡൽഹി; മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും . മേല്‍നോട്ട സമിതി അംഗീകരിച്ച റൂള്‍ കര്‍വിനെ കേരളം ശക്തമായി എതിര്‍ക്കും. ബേബി ഡാമിന്റെ സമീപത്തെ വിവാദ മരംമുറിക്കല്‍ വിഷയവും കോടതിയില്‍ പരാമര്‍ശിച്ചേക്കും.അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്ക് മുകളിലേക്ക് ഉയര്‍ത്തരുതെന്നാണ് കേരളത്തിന്‍റെ ആവശ്യം. 142 അടിയാക്കി ഉയര്‍ത്തുന്നതിൽ സുരക്ഷാപ്രശ്നങ്ങൾ ഇല്ലെന്ന് തമിഴ്നാട് സര്‍ക്കാരും വാദിക്കുന്നു. മേൽനോട്ട സമിതി നിശ്ചയിച്ച പ്രകാരം തൽക്കാലം ജലനിരപ്പ് ക്രമീകരിക്കാൻ കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ജസ്റ്റിസ് എ.എം.ഖാൻവീൽക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ വിള്ളലുകളില്ലെന്ന് തമിഴ്നാട് സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന പുതിയ മറുപടി സത്യവാങ്മൂലവും തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. ഭൂചലനങ്ങള്‍ കാരണം അണക്കെട്ടിന് വിള്ളലുകൾ ഉണ്ടായിട്ടില്ല. അണക്കെട്ടിന്‍റെ അന്തിമ റൂൾ കെർവ് തയ്യാറായിട്ടില്ലെന്ന കേരളത്തിന്‍റെ വാദം തെറ്റെന്നും തമിഴ്നാട് കോടതിയില്‍ അറിയിച്ചു.