ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഇന്ന് കർഷക മഹാ പഞ്ചായത്ത് ചേരും.സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് പരിപാടി. കാർഷിക ഉത്പന്നങ്ങൾക്ക് മിനിമം താങ്ങുവില നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് മഹാപഞ്ചായത്തിന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് ആഹ്വാനം ചെയ്തത്.
കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിരുന്ന കാർഷിക നിയമങ്ങൾ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കില്ല. കർഷകരുടെ ഉത്പന്നങ്ങൾക്ക് താങ്ങുവില നൽകുന്നതിന് സർക്കാർ നിയമം തയാറാക്കണം. തെരഞ്ഞെടുപ്പിൽ ബിജെപി കർഷകർക്കു വാഗ്ദാനം ചെയ്ത ധനസഹായം ലഭിച്ചിട്ടില്ലെന്ന വിവരം സർക്കാരിനെ ബോധ്യപ്പെടുത്തും.ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകർക്കു നീതി ഉറപ്പാക്കുക എന്ന ലക്ഷ്യവും സമ്മേളനത്തിനുള്ളതായി ടികായത് പറഞ്ഞു.രാവിലെ 11 മണിയ്ക്ക് ചേരുന്ന യോഗത്തിൽ രാകേഷ് ടിക്കായത്ത് അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ സമരമാണ് ലഖ്നൗവിലെ കർഷക മഹാ പഞ്ചായത്ത്.