പാലക്കാട്: പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാകത്തിൽ പൊലീസിനെ വിമർശിച്ച് സുരേഷ് ഗോപി എം.പി. കൊലപാതകം നടന്നതറിഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. സഞ്ജിത്തിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കൊലപാതകത്തിന് ശേഷം പ്രതികള്‍ക്ക് ഇവിടെനിന്ന് രക്ഷപെടാനുള്ള പാതകളിലൊന്നും നിരീക്ഷണമില്ലേ? വിവരം പോലീസ് സ്റ്റേഷനിലെത്തിയ സമയത്ത് ആരൊക്കെ ഡ്യൂട്ടിയിലുണ്ടായിരുന്നു? പോലീസ് സ്റ്റേഷനുകളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഉത്തരം പറഞ്ഞേ മതിയാകൂ. അവരെക്കൊണ്ട് മറുപടി പറയിക്കാൻ സർക്കാർ തയാറാവണം. പ്രതികൾക്ക് രക്ഷപെടാൻ അവസരമൊരുക്കിയത് ആരാണെന്ന് കണ്ടെത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.
സഞ്ജിത്തിനെ ഭാര്യയുടെ മുന്നില്‍വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസ് രാഷ്ട്രീയക്കൊലപാതകം തന്നെയെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.