പാലക്കാട്: ബിജെപി വക്താവ് സന്ദീപ് വാര്യരുടെ (Sandeep Warrier) വീട്ടില്‍ അപരിചിതന്‍ അതിക്രമിച്ച് കയറി. പാലക്കാട്, ചെത്തല്ലൂരിലെ വീട്ടിലാണ് അപരിചിതന്‍ അതിക്രമിച്ച് കയറിയത്. സന്ദീപ് വാര്യരുടെ അച്ഛനും അമ്മയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി.
“ഇന്ന് പുലര്‍ച്ചെ പ്രായമായ അച്ഛനും അമ്മയും താമസിക്കുന്ന ചെത്തല്ലൂരിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ അപരിചതന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ലഭിച്ചു. വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.”- സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സന്ദീപിന് വധഭീഷണിയുള്ളതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. വീട്ടിലെത്തിയ അപരിചിതന്റെ മുഖം വ്യക്തമാണെങ്കിലും ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തിനാണ് സന്ദീപിന്റെ വീട്ടിലെത്തിയതെന്നും വ്യക്തമല്ല.
നേരത്തെ, കോഴിക്കോട് പാരഗൺ ഹോട്ടലുമായി ബന്ധപ്പെട്ട ‘ഹലാൽ വിവാദം’ ഫേസ്ബുക്ക് പോസ്റ്റ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പിൻവലിച്ചിരുന്നു. പോസ്റ്റിന് എതിരെ ബിജെപി നേതാക്കൾ രംഗത്തു വന്നത്തോടെ ആണ് നടപടി. പോസ്റ്റ് പിൻവലിക്കാൻ സംസ്ഥാന നേതൃത്വം നിർദേശിക്കുകയായിരുന്നു.
തന്റെ പോസ്റ്റ് പാരഗൺ ഹോട്ടലിനു (Paragon Hotel) എതിരായ പ്രചാരണത്തിന് എതിരെ ആയിരുന്നു എന്ന് സന്ദീപ് വാര്യർ പറയുന്നു. പാർട്ടി നിലപാടിന് വിരുദ്ധം ആണ് പോസ്റ്റ് എന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. പാർട്ടി നിലപാട് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞതോടെ പോസ്റ്റ് പിൻവലിക്കുന്നു. അച്ചടക്കമുള്ള പ്രവർത്തകൻ ആണ് താൻ എന്നും സന്ദീപ് വാര്യർ പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.