കീഴ്മാട്: കുട്ടമശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കൊച്ചിന്‍ യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ ‘ടെക്നോ ഉന്നതി’ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രിക്കല്‍ ആന്‍റ് ഇലക്‌ട്രോണിക്സ് എഞ്ചിനിയേഴ്സ് നടപ്പാക്കിയ ടെക്നോ ഉന്നതി നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൊച്ചിന്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.എന്‍. മധുസൂദനന്‍ നിര്‍വ്വഹിച്ചു.
കമ്ബ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്പെഷല്‍ കെയര്‍ റിസോഴ്സ് സെന്‍റര്‍ തുടങ്ങിയവയുടെ നവീകരണ പ്രവൃത്തികളാണ് നടത്തിയത്. 2018 ലെ വെള്ളപ്പൊക്കത്തില്‍ സയന്‍സ് ലാബ്, കമ്ബ്യൂട്ടറുകള്‍, യു.പി.എസ്, ലൈബ്രറി തുടങ്ങി വലിയ നഷ്ടം നേരിട്ട സ്കൂളാണിത്.
ജില്ലയിലെ തന്നെ കൂടുതല്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്നതുകൊണ്ട് വെള്ളപ്പൊക്കത്തില്‍ സ്പെഷല്‍ കെയര്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനം നിലച്ചത് സ്കൂളിനും വിവിധ ജില്ലകളില്‍ നിന്നും സ്കൂളിനെ ആശ്രയിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ പ്രതിസന്ധിയായിരുന്നു.
പദ്ധതിയുടെ ഭാഗമായി ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉള്‍പ്പടെ സെന്‍റര്‍ പൂര്‍ണ്ണമായും നവീകരിക്കുകയായിരുന്നു. ശീതീകരിച്ച കമ്ബ്യൂട്ടര്‍ ലാബിലും, സയന്‍സ് ലാബിലും ലൈബ്രറിയിലും ആധുനിക സാങ്കേതിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.