പണവുമായി പോയ സുരക്ഷ വാഹനത്തിൻറെ ഡോർ തുറന്നു പോയതോടെ ദേശീയപാതയിൽ പറന്നത് ഡോളർ നോട്ടുകൾ. പിന്നാലെ വന്ന വാഹനങ്ങളിലുള്ളവർ നോട്ടുകൾ പെറുക്കിയെടുക്കാൻ വാഹനം നിർത്തിയിട്ടതോടെയുണ്ടായത് വൻ ട്രാഫിക്ക് കുരുക്ക്. കാലിഫോർണിയയിലെ സാൻഡിയാഗോയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഡോളർ നോട്ടുകൾ സുരക്ഷാ വാഹനത്തിൽ നിന്ന് റോഡിലേക്കും പിന്നാലെ വന്ന വാഹനങ്ങളിലേക്കും പതിക്കുകയായിരുന്നു.
സംഭവം സമൂഹമാധ്യമങ്ങൾ വൈറലായതോടെ പൊലീസ് സ്ഥലത്തെത്തി കാശുമായി മുങ്ങാൻ നോക്കിയവരെ പിടികൂടാനുള്ള ശ്രമമായി. എന്നാൽ കിട്ടിയ കാശുമായി സ്ഥലം കാലിയാക്കിയ പലരേയും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്. സുരക്ഷാ വാഹനത്തിൽ നിന്ന് വീണ പണമെടുത്തവർ തിരികെ നൽകിയില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് എത്തിയിട്ടും നോട്ടുകൾ പെറുക്കിക്കൂട്ടിക്കൊണ്ടിരുന്ന ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുരക്ഷാ വാഹനത്തിൻറെ ഡോർ തുറന്നുപോയതിന് പിന്നാലെ നോട്ട് സൂക്ഷിച്ചിരുന്ന ബാഗ് റോഡിൽ വീണ് പൊട്ടുകയായിരുന്നു. എന്നാൽ എത്ര രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന കണക്ക് പുറത്തുവന്നിട്ടില്ല. റോഡിലേക്ക് നോട്ട് കെട്ട് വീണ് ഡോളർ നോട്ടുകൾ പറക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കണ്ടിട്ടുള്ളതിൽ ഏറ്റവും വിചിത്രമായ കാഴ്ചയെന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ ഫിറ്റ്നെസ് ഇൻഫ്ലുവൻസറായി ഡെമി ബാഗ്ബി ദൃശ്യങ്ങൾ പങ്കുവച്ചിട്ടുള്ളത്.
സംഭവത്തിൽ എഫ്ബിഐ അന്വേഷണം നടത്തുമെന്നാണ് ദേശീയ പാതയിലെ പട്രോൾ സംഘത്തിലുള്ള പൊലീസ് വിശദമാക്കുന്നത്. പണമെടുത്തവരെല്ലാം നടപടി നേരിടേണ്ടി വരുമെന്നും പൊലീസ് വിശദമാക്കി. പൊലീസ് മുന്നറിയിപ്പ് എത്തിയതിന് പിന്നാലെ പന്ത്രണ്ടോളം ആളുകൾ പണം തിരികെ നൽകിയതായാണ് സാൻഡിയാഗോ പൊലീസ് പ്രതികരിക്കുന്നത്. എന്നാൽ കൃത്യമായ കണക്കുകൾ പുറത്തുവന്നാൽ മാത്രമേ എത്ര ഡോളറാണ് നഷ്ടമായതെന്ന് കണ്ടെത്താനാവൂവെന്നാണ് പൊലീസ് വിശദമാക്കുന്നത്.